മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിങ് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്തു

ഭോപാല്‍: ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ സത്യവാചകം ചൊല്ലിക്കൊടുത്ത് മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിങ് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്തു. രാത്രി 9 മണിക്കു രാജ്ഭവനിലാണ് ചടങ്ങ് നടന്നത്. വൈകിട്ട് നടന്ന ബിജെപിയുടെ നിയമസഭാ കക്ഷി യോഗത്തില്‍ ചൗഹാനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു.

നേരത്തെ, അമിത് ഷായുടെ അടുപ്പക്കാരനും ബിജെപി ചീഫ് വിപ്പുമായ നരോത്തം മിശ്ര, കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു ഉയര്‍ന്നു കേട്ടിരുന്നെങ്കിലും ചൗഹാനു തന്നെ നറുക്കു വീഴുകയായിരുന്നു. തുടര്‍ച്ചയായി 15 വര്‍ഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് ചൗഹാന്‍ ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും അധികാരത്തിലേറുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. 24 മണിക്കൂറിനുള്ളില്‍ വിശ്വാസവോട്ടു നേടണമെന്ന സുപ്രീം കോടതി ഉത്തരവിനു പിന്നാലെയായിരുന്നു രാജി. ജോതിരാദിത്യ സിന്ധ്യയും 22 എംഎല്‍എമാരും കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു ബിജെപിയില്‍ ചേര്‍ന്നതോടെയാണ് സര്‍ക്കാര്‍ താഴെ വീണത്.

Top