കോൺഗ്രസ് പ്രകടന പത്രിക ‘നുണകളുടെ പത്രിക’; പരിഹാസവുമായി ശിവരാജ് സിങ് ചൗഹാൻ

ഭോപാൽ : മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ പ്രകടന പത്രികയെ പരിഹസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. കോൺഗ്രസിന്റേത് പ്രകടന പത്രികയല്ല, മറിച്ച് ‘നുണകളുടെ പത്രിക’ ആണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെ ഭോപാലിൽ വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഇത് കോൺഗ്രസിന്റെ പ്രകടന പത്രികയല്ല, നുണകളുടെ പത്രികയാണ്. അഞ്ച് വർഷം മുൻപ് അവർ 900 വാഗ്ദാനങ്ങൾ പൊതുജനങ്ങൾക്ക് നൽകിയെങ്കിലും അവയിൽ ഒൻപതെണ്ണം പോലും നിറവേറ്റിയില്ല. അവയെല്ലാം കളവായി. ഇന്ന് വീണ്ടും നുണകൾ അവതരിപ്പിച്ചു. ഈ നുണകൾ പൊതുജനങ്ങൾ വിശ്വസിക്കാൻ പോകുന്നില്ല, കാരണം ബിജെപി പറയുന്നതെന്തും ചെയ്യുമെന്ന് അവർക്ക് അറിയാം’’– അദ്ദേഹം പറഞ്ഞു.

അതേസമയം തങ്ങളുടെ പ്രകടനപത്രിക തങ്ങളുടെ വാഗ്ദാനങ്ങളുടെ പത്രികയാണെന്നും കമൽനാഥ് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിയെന്നും കോൺഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് പറഞ്ഞു. ‘‘ ഞങ്ങളുടെ വാഗ്ദാനങ്ങളുടെ പത്രികയാണ് പ്രകടനപത്രിക. ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങളെല്ലാം കമൽനാഥ് നിറവേറ്റി. കോൺഗ്രസിനെതിരെ ചൗഹാൻ ഉന്നയിക്കുന്ന ആരോപണങ്ങളാണ് ബിജെപിക്കെതിരെ പൊതുജനം ഉന്നയിക്കുന്നത്. ചൗഹാനും ബിജെപിയും കഴിഞ്ഞ 20 വർഷത്തിനിടെ മധ്യപ്രദേശിന് നാല് പ്രകടനപത്രികകൾ നൽകി. നാലു പ്രകടനപത്രികകളിലും നൽകിയ വാഗ്ദാനങ്ങളിൽ 90–95 ശതമാനം വരെ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല’’– ഹഫീസ് പറഞ്ഞു.

Top