കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ ആളാണ് രാഹുല്‍ ഗാന്ധി: ശിവരാജ് സിങ് ചൗഹാന്‍

SHIVRAJ-SING-CHAUHAN

പനജി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ശിവരാജ് സിങ് ചൗഹാന്‍. കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ ആളാണ് രാഹുല്‍ ഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കൃഷ്ണാര്‍ജുനന്‍മാരായി പ്രവര്‍ത്തിച്ചുകൊണ്ട് രാജ്യത്തെ മുന്നോട്ടു നയിക്കുകയാണെന്നും അദ്ദേഹം ഗോവയില്‍ പറഞ്ഞു.

ഒളിച്ചോടിയ ആളാണ് രാഹുല്‍ ഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിനെ അദ്ദേഹം പാതിവഴിയില്‍ ഉപേക്ഷിച്ചു- ചൗഹാന്‍ പറഞ്ഞു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ രാജ്യം മുന്നോട്ടു കുതിക്കുകയാണ്. കൃഷ്ണാര്‍ജുനന്‍മാരെപ്പോലെ രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കുന്നതില്‍ അവര്‍ വ്യാപൃതരാണെന്നും ജമ്മു കശ്മീരിലെ സര്‍ക്കാര്‍ നടപടി ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് പറയുന്നത്. എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നു പോലും അറിയാതെ അമ്പരന്നിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയോ സോണിയാ ഗാന്ധിയോ ഇക്കാര്യത്തില്‍ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് താല്‍കാലിക പ്രസിഡന്റ് സോണിയാ ഗാന്ധി പ്രസ്താവനയിറക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top