ചികിത്സയ്‌ക്കൊപ്പം യോഗയും, മന്ത്രങ്ങളും, സംഗീതവും… നിര്‍ദ്ദേശവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാല്‍: കൊവിഡ് ചികിത്സയ്ക്ക് യോഗയും, മന്ത്രങ്ങളും, സംഗീതവും, ഉപയോഗിക്കാമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.സാധാരണ ചികിത്സയ്‌ക്കൊപ്പം ഇവയും പരീക്ഷിക്കാമെന്നാണ് ശിവരാജ് സിംഗ് പറഞ്ഞത്. മത നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുമ്പോഴായിരുന്നു ശിവരാജ് സിംഗിന്റെ പുതിയ നിര്‍ദേശം.

‘പല രോഗങ്ങളും സ്‌നേഹത്താല്‍ ഭേദമാകുമെങ്കിലും കോവിഡ് -19 പോലുള്ള അണുബാധകള്‍ വരുമ്പോള്‍ അമ്മയ്ക്ക് പോലും മകനെ തൊടാന്‍ കഴിയില്ല. അതിനാല്‍, നിലവിലുള്ള ചികിത്സാ സമ്പ്രദായത്തോടൊപ്പം ഇന്ത്യന്‍ പാരമ്പര്യങ്ങളിലെ പ്രാഥമിക രീതികളും പരീക്ഷിക്കാം’ ശിവരാജ് സിംഗ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതര ചികിത്സകള്‍ക്കായി നിര്‍ദ്ദേശങ്ങള്‍ അയയ്ക്കാന്‍ ചൗഹാന്‍ നേതാക്കളോട് ആവശ്യപ്പെട്ടു.

ചിലപ്പോള്‍ മറ്റൊരു ചികിത്സ രീതിയുമായി മുന്നോട്ട് വരാന്‍ നമുക്ക് സാധിക്കുമായിരിക്കും. ഇത് മരണനിരക്ക് കുറയ്ക്കും. കോവിഡ് -19 രോഗികളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതിന് പാട്ടുകള്‍, ഭജനുകള്‍, ശ്ലോകങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കാവുന്നതാണെന്നും ്”ശിവരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ 50 ഗ്രാം വരുന്ന 1 കോടി ആയുര്‍വേദ മരുന്നുകളുടെ കിറ്റ് വിതരണം ചെയ്യുമെന്ന ബിജെപി സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ശിവരാജ് സിംഗ് ചൗഹാന്റെ പ്രതികരണം.

Top