സര്‍വ്വീസില്‍ തിരിച്ചെത്തിയ ശിവശങ്കറിന് കായികം, യുവജനക്ഷേമ വകുപ്പില്‍ പുനര്‍ നിയമനം

തിരുവനന്തപുരം: ഒന്നര വര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷം സര്‍വീസില്‍ തിരിച്ചെത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എം. ശിവശങ്കറിനെ കായിക, യുവജനക്ഷേമ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി. വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരിക്കെയാണ് അദ്ദേഹം സസ്‌പെന്‍ഷനിലാകുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതികളുമായുള്ള ബന്ധത്തെ തുടര്‍ന്നായിരുന്നു ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്.

ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് രണ്ട് ദിവസം മുമ്പാണ് ഉത്തരവായത്. ബുധനാഴ്ച തിരുവനന്തപുരത്ത് പ്രാദേശിക അവധിയായിരുന്നതിനാല്‍ ഇന്ന് രാവിലെയാണ് അദ്ദേഹം ഡ്യൂട്ടിയില്‍ തിരികെ പ്രവേശിച്ച് ചീഫ്‌സെക്രട്ടറി വി.പി. ജോയ് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്തത്. ഉച്ച കഴിഞ്ഞാണ് അദ്ദേഹത്തിന് ചുമതല നിശ്ചയിച്ചുള്ള ഉത്തരവിറങ്ങിയത്.

കായിക, യുവജനക്ഷേമ വകുപ്പുകളുടെ ചുമതല ഇപ്പോള്‍ വ്യവസായ, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷാണ് അധികച്ചുമതലയായി വഹിച്ചുപോരുന്നത്. ഷര്‍മിള മേരി ജോസഫ് അവധിയില്‍ പോയതിനെ തുടര്‍ന്നാണ് ഹനീഷിന് അധികച്ചുമതല നല്‍കിയത്. അതാണിപ്പോള്‍ ശിവശങ്കറിന് കൈമാറി ഉത്തരവായത്.

Top