യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമ കേസ്; ശിവരഞ്ജിത്തിനും നസീമിനും ജാമ്യം

തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

യൂണിവേഴ്‍സിറ്റി കോളേജിന്‍റെ വളപ്പിലേക്ക് പോലും കയറരുതെന്ന് ഇരുവർക്കുമുള്ള ജാമ്യത്തിനുള്ള വ്യവസ്ഥകളിൽ കോടതി പറയുന്നു. എന്നാൽ പിഎസ്‌സി ക്രമക്കേട് കേസിൽ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാൽ ഇരുവർക്കും പുറത്തിറങ്ങാനാകില്ല.

യൂണിവേഴ്‌സിറ്റി കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ഒന്നാം പ്രതി ശിവരഞ്ജിത്തിനും രണ്ടാം പ്രതി നസീമിനും ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ജൂലൈ 15ന് കന്റോൺമെന്റ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതികൾക്ക് 68 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.

ശിവരഞ്ജിത്തിനും നസീമിനും പുറമെ എസ്എഫ്ഐ നേതാക്കളായ അമർ, അദ്വൈദ്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നിവർക്കെതിരെയും വധശ്രമത്തിന് കേസെടുത്തിരുന്നു.

Top