വന്ന വഴി മറന്ന് സെലിബ്രിറ്റികള്‍ പ്രതിഫലം കൈപ്പറ്റരുതെന്ന് ശിവന്‍കുട്ടി; ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് നവ്യാ നായര്‍

തിരുവനന്തപുരം: യുവജനോത്സവത്തില്‍ അതിഥികളായി എത്തുന്ന സെലിബ്രിറ്റികള്‍ വന്ന വഴി മറന്ന് പ്രതിഫലം കൈപ്പറ്റുന്നത് നിര്‍ത്തണമെന്ന് മന്ത്രി വി.ശിവന്‍കുട്ടിയും എന്നാല്‍ താന്‍ ഒരു രൂപ പോലും വാങ്ങാതെയാണു വന്നിരിക്കുന്നതെന്ന് നടി നവ്യാ നായരും കേരള സര്‍വകലാശാല കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടന്‍ മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്നും സര്‍വകലാശാല കലോത്സവം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ശിവന്‍കുട്ടി പറഞ്ഞു. സെലിബ്രിറ്റികള്‍ പ്രതിഫലം കണക്കാക്കാതെ ഇത്തരം പരിപാടികളെ സമീപിക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

താന്‍ വന്ന വഴി മറക്കില്ലെന്നും കലോത്സവത്തിനെത്താന്‍ പ്രതിഫലം വാങ്ങിയിട്ടില്ലെന്നും നവ്യ മറുപടി നല്‍കി. ഇന്ന് കലാലയങ്ങളില്‍ ഒരുപാടു ജീവനുകള്‍ നഷ്ടമാകുന്നു. രക്ഷിതാക്കള്‍ വലിയ പ്രതീക്ഷയോടെയാണ് വിദ്യാര്‍ഥികളെ കോളജുകളിലേക്ക് അയയ്ക്കുന്നത്. അക്കാദമിക് തലത്തില്‍ വലിയ നേട്ടങ്ങള്‍ സമ്പാദിച്ചില്ലെങ്കിലും ജീവനോടെ ഇരിക്കണമെന്ന് നവ്യ വിദ്യാര്‍ഥികളോട് പറഞ്ഞു. സിനിമകളിലെ കൊലപാതക രംഗങ്ങള്‍ വിദ്യാര്‍ഥികളെ മാനസികമായി സ്വാധീനിക്കും. കഞ്ചാവ് ഉപയോഗിക്കുന്ന സിനിമ ഡയലോഗുകള്‍ക്ക് ഇന്ന് വലിയ കയ്യടിയാണു ലഭിക്കുന്നത്. അടിച്ചു പൊളിക്കേണ്ട കാലമാണെന്നും നല്ല മനുഷ്യരായി ജീവിക്കണമെന്നും നവ്യ വിദ്യാര്‍ഥികളോട് പറഞ്ഞു. സമ്മേളനത്തിനു വൈകാന്‍ കാരണം ഭാരവാഹികള്‍ വൈകിയതിനാലാണെന്നും പ്രസംഗത്തില്‍ നവ്യ വ്യക്തമാക്കി.

Top