ശിവമോഗ സ്‌ഫോടനം; മരണം എട്ടായി, ഇനിയും മരണ സംഖ്യ ഉയരാന്‍ സാധ്യത

ബംഗളൂരൂ: കര്‍ണാടകയിലെ ശിവമോഗയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 8 പേര്‍ മരിച്ചു. സമീപത്തെ ക്വാറിയിലേക്കുള്ള ഡൈനാമിറ്റും ജെലാറ്റിനുമായി പോയ ലോറി വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്നലെ രാത്രി 10.30ഓടെയായിരുന്നു അപകടം. സംഭവത്തില്‍ കൊല്ലപ്പെട്ടവര്‍ എല്ലാം ബീഹാര്‍ സ്വദേശികളാണ്. ശിവമോഗയിലെ സമീപ പ്രദേശങ്ങളിലും സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.

സ്ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ പ്രകമ്പനം ഭൂചലനമാണെന്ന് കരുതിയ ആളുകള്‍ വീടിന് പുറത്തേക്ക് ഇറങ്ങിയിരുന്നു. ഒന്നിനുപുറകെ ഒന്നായി 50 ഓളം ഡൈനാമിറ്റുകള്‍ പൊട്ടിച്ചിതറുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 8 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. സ്ഫോടനത്തില്‍ ലോറി പൂര്‍ണമായും തകര്‍ന്നു. അനധികൃത ഖനനപ്രവര്‍ത്തനങ്ങളും ക്വാറികളും ധാരാളം ഉള്ള പ്രദേശമാണ് ശിവമോഗ.

 

Top