എംപിമാര്‍ക്ക് ഫോണ്‍ സമ്മാനമായി നല്‍കിയതിന് നോട്ടീസ്; ആദായനികുതി വകുപ്പിനെതിരെ ഡി.കെ

ബെംഗളൂരു: ആദായ നികുതി വകുപ്പിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍. എംപിമാര്‍ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കിയതിന് ആദായ നികുതി വകുപ്പ് തനിക്ക് നോട്ടീസയച്ചതിനെയാണ് ഡികെ വിമര്‍ശിച്ചത്.

ബിജെപി എംപിമാര്‍ക്കടക്കം ഫോണ്‍ വിതരണം ചെയ്തിരുന്നെന്നും ഫോണ്‍ ലഭിച്ചവര്‍ക്ക് നോട്ടീസില്ലെന്നും ശിവകുമാര്‍ പറഞ്ഞു.
മന്ത്രിയായിരിക്കെ ചില ആളുകള്‍ എന്നോട് പുതിയ ഫോണ്‍ ആവശ്യപ്പെട്ടു. ഞാന്‍ അത് നല്‍കുകയും ചെയ്തു. ഉടന്‍ തന്നെ ആദായ നികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിച്ചു. എന്റെ പേഴ്സണല്‍ അക്കൗണ്ടില്‍ നന്ന് പണം ചിലവഴിച്ചാണ് അത് വാങ്ങി നല്‍കിയത്.

മൂന്ന് പേരൊഴികെ മറ്റെല്ലാവരും ഫോണ്‍ സമ്മാനമായി സ്വീകരിക്കുകയുണ്ടായി. എനിക്കെതിരെ പ്രസ്താവനകള്‍ നടത്തിയവരടക്കം ഫോണ്‍ സ്വീകരിച്ചിരുന്നു. ആദായ നികുതി വകുപ്പിന്റെ നോട്ടീസ് എനിക്ക് മാത്രമാണ് ലഭിച്ചത്. 50,000 രൂപക്ക് മുകളിലുള്ള സമ്മാനം വാങ്ങിയ അവര്‍ക്കും നോട്ടീസ് ലഭിക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.

തത്ക്കാലം ഞാനിതൊരു വിഷയമാക്കി എടുക്കുന്നില്ലെന്നും ആ നിലയിലേക്ക് പോകുന്നില്ലെന്നും ശിവകുമാര്‍ പറഞ്ഞു. എന്റെ എല്ലാ നീക്കങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നുംഅതിന്റെ ഉദാഹരണം മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.ഞാന്‍ ഒരും തെറ്റു ചെയ്തിട്ടില്ല എന്ന കാര്യം എനിക്കുറപ്പാണ്. അതേ സമയം ആരോപണങ്ങളും നടപടികളും കരുത്തോടെ നേരിടുമെന്നും ശിവകുമാര്‍ അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതിന് ശേഷം ബെംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബര്‍ മൂന്നിനാണ് ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ച ശേഷം ബെംഗളൂരുവില്‍ തിരിച്ചെത്തിയ ശിവകുമാറിന് വന്‍സ്വീകരണമാണ് ലഭിച്ചത്.

Top