ഗുജറാത്തിൽ ബി.ജെ.പി വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയിട്ടുണ്ടാകാമെന്ന് ശിവസേന

മുംബൈ: ഭാരതീയ ജനത പാർട്ടി ഗുജറാത്തില്‍ സ്വന്തമാക്കിയ വിജയം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയിട്ടാവാമെന്ന് സഖ്യകക്ഷിയായ ശിവസേന.

പാര്‍ട്ടി പത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ് ബി.ജെ.പി.ക്കെതിരേ കടുത്തവിമര്‍ശം നടത്തിയിരിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 115 സീറ്റുകളില്‍ ജയിച്ച ബി.ജെ.പി.ക്ക് ഇത്തവണ 99 സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളൂ. 2012-ല്‍ 61 സീറ്റ് നേടിയ കോണ്‍ഗ്രസ്സ്‌ ഇത്തവണ അത് 77 ആയി ഉയര്‍ത്തി.

‘പട്ടേദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലും വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നതായി ആരോപിച്ചിരുന്നു. മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ബി.ജെ.പി. വിജയം ആഘോഷിക്കുന്നുണ്ട്.
100 സീറ്റുകള്‍ക്ക് മുകളിലാണ് വിജയമെങ്കില്‍ അതാഘോഷിക്കാം. ഇത് നല്ലരീതിയിലുള്ള വിജയമായി കണക്കാക്കാനാവില്ല’ – മുഖപ്രസംഗം പറയുന്നു.

നേരത്തേ, തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ 151 സീറ്റില്‍ വിജയിക്കുമെന്ന് മോദിയും, 50 സീറ്റില്‍ വിജയിക്കുമെന്ന് അമിത് ഷായും പറഞ്ഞിരുന്നു. എന്നാൽ 100 സീറ്റ് പോലും ഗുജറാത്തിൽ ലഭിച്ചില്ലെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.

ഗ്രാമീണമേഖലകള്‍ ഇപ്പോഴും ബി.ജെ.പി.ക്ക് അന്യമാണ്. ഇവരാണ് ഹിന്ദുസ്ഥാനെപ്പറ്റി വാതോരാതെ വിളിച്ചുപറയുന്നതെന്നും മുഖപ്രസംഗം കളിയാക്കി.

ബിജെപി ഇരു സംസ്ഥാനങ്ങളിലും വിജയം നേടിയെങ്കിലും കോൺഗ്രസ്സിന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലായെന്നും കോൺഗ്രസ്സിനെ പൂർണമായി തുടച്ചു നീക്കുക എന്ന ബി.ജെ.പി.യുടെ സ്വപ്‌നവും സാക്ഷാത്കരിക്കപ്പെടില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Top