ഉപമുഖ്യമന്ത്രി എൻസിപിയിൽ നിന്ന്, സ്പീക്കർ പദവി കോൺഗ്രസിന് ; സത്യപ്രതിജ്ഞ വ്യാഴാഴ്ച

മുംബൈ : മഹാരാഷ്ട്രയില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മറ്റു പദവികള്‍ സംബന്ധിച്ച് ത്രികക്ഷി സഖ്യത്തില്‍ ഏകദേശ ധാരണയായി. ഉപമുഖ്യമന്ത്രി സ്ഥാനം എന്‍സിപിക്കും സ്പീക്കര്‍ പദവി കോണ്‍ഗ്രസിനും നല്‍കാനാണ് ധാരണ.

ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ 15 മന്ത്രിമാര്‍ എന്‍.സി.പിയില്‍ നിന്നും 15 മന്ത്രിമാര്‍ ശിവസേനയില്‍ നിന്നും ഉണ്ടാകും. സ്പീക്കര്‍ സ്ഥാനം ഉള്‍പ്പെടെ 13 മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്നും മന്ത്രി സഭയില്‍ ഉണ്ടാകും.

മൂന്നു കക്ഷികളുടെയും ആറു മണിക്കൂറിലേറേ നീണ്ട സംയുക്ത യോഗത്തിനു ശേഷം എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലാണ് ഇക്കാര്യം അറിയിച്ചത്.

‘ഉദ്ധവ് താക്കറെയ്ക്കൊപ്പം എത്ര എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നു പിന്നീട് തീരുമാനിക്കും. മൂന്നു പാർട്ടിയിൽ നിന്നും മൂന്നോ നാലോ പേർ സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യത. പൂർണവിവരം മാധ്യമങ്ങളെ പിന്നീട് അറിയിക്കും’– പ്രഫുൽ പട്ടേൽ പറഞ്ഞു. എൻസിപിയുടെ ജയന്ത് പാട്ടീൽ ഉപമുഖ്യമന്ത്രിയും കോൺഗ്രസിന്റെ പൃഥിരാജ് ചവാൻ സ്പീക്കറും ആയേക്കുമെന്നാണ് സൂചന.

ബിജെപി സർക്കാരിൽ ഉപമുഖ്യമന്ത്രിയായി രാജി വച്ച് തിരികെ വന്ന അജിത് പവാർ മഹാരാഷ്ട്ര വികാസ് അഘാഡി സർക്കാരിലും ഉപമുഖ്യമന്ത്രിയാകുമെന്നാണ് വിവരം. മുംബൈയിൽ വിവിധ പദവികൾ ആർക്കെല്ലാം നൽകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ചേർന്ന സർവകക്ഷിയോഗത്തിൽ തനിക്ക് ഉപമുഖ്യമന്ത്രിപദം തന്നെ വേണമെന്ന് അജിത് പവാർ ഉറച്ച നിലപാടെടുത്തു.

തിരികെ പാർട്ടിയിലേക്ക് വരുമ്പോൾ, മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ തനിക്ക് തന്ന വാഗ്ദാനം ഉപമുഖ്യമന്ത്രിപദമാണെന്നും അജിത് പവാർ‍ യോഗത്തിൽ ചൂണ്ടിക്കാട്ടി.

നീണ്ട ദിവസത്തെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് ഉദ്ധവ് താക്കറെ വ്യാഴാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. വൈകിട്ട് 6.40നു ദാദർ ശിവാജി പാർക്കിലാണ് സത്യപ്രതിജ്ഞ. ഞായറാഴ്ചയെന്നാണ് ആദ്യം അറിയിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. കനത്ത സുരക്ഷയാണ് നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനായി ശിവാജി പാർക്കിൽ ഒരുക്കിയിരിക്കുന്നത്. ഏതാണ്ട് 2000 പൊലീസുദ്യോഗസ്ഥരാണ് ശിവാജി പാർക്കിന് സുരക്ഷയൊരുക്കുന്നത്.

Top