തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടി ശിവസേന ചരിത്രം രചിക്കുമെന്ന് ആദിത്യ

മുംബൈ : മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടി ശിവസേന ചരിത്രം രചിക്കുമെന്ന് ആദിത്യ താക്കറെ. മുഖ്യമന്ത്രി പദവിയോ ഉപമുഖ്യമന്ത്രി പദവിയോ അല്ല ലക്ഷ്യം. ജനങ്ങള്‍ക്കിടയില്‍നിന്ന് പ്രവര്‍ത്തിക്കുന്നതിനാണ് മുന്‍ഗണനയെന്നും താക്കറെ അറിയിച്ചു.

മുംബൈ മെട്രോ പദ്ധതിക്കായി 2700 മരങ്ങള്‍ മുറിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരായ നിലപാട് തുടരുമെന്നും ആദിത്യ താക്കറെ വ്യക്തമാക്കി.

മുംബൈ നഗരത്തിലെ വോര്‍ളി മണ്ഡലത്തില്‍ നിന്നാണ് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുടെ മകനും യൂത്ത് സേന അധ്യക്ഷനുമായ ആദിത്യ താക്കറെ മത്സരിക്കുന്നത്.

ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച താക്കറെ കുടുംബാംഗം ആദിത്യ താക്കറയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നാണ് ശിവസേന വിശേഷിപ്പിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി പദത്തിനായി ആരുടെയും പിന്നാലെ നടക്കില്ലെന്ന് കഴിഞ്ഞ ദിവസം ആദിത്യ വ്യക്തമാക്കിയിരുന്നു.

ബിജെപിയെകാള്‍ കുറവ് സീറ്റില്‍ മത്സരിക്കുന്നത് പാര്‍ട്ടിക്ക് ക്ഷീണമാകില്ലെന്നാണ് ആദിത്യ താക്കറെ പറയുന്നത്. പ്രതിപക്ഷ എംഎല്‍എമാര്‍ ശിവസേനയിലെത്തുന്നത് വികസന രാഷ്ട്രീയം കൊണ്ടാണെന്നും വര്‍ളിയില്‍ വിജയം ഉറപ്പെന്നും അദ്ദേഹം പറഞ്ഞു.

Top