ഗവർണറുടെ നടപടിക്കെതിരെയുള്ള ശിവസേനയുടെ ഹർജി ഇന്ന് പരിഗണിക്കില്ല

മുംബൈ : ഗവര്‍ണറുടെ നടപടിക്കെതിരെ അടിയന്തിര വാദം കേള്‍ക്കണമെന്ന ശിവസേനയുടെ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കില്ല. ബുധനാഴ്ച അടിയന്തരസ്വഭാവത്തോടെ ഈ ഹര്‍ജി പരിഗണിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ആവശ്യത്തിന് സമയം നല്‍കിയില്ലെന്നാണ് ശിവസേനയുടെ പരാതി.

സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിക്ക് 48 മണിക്കൂര്‍ സമയം അനുവദിച്ചപ്പോള്‍ ശിവസേനയ്ക്ക് 24 മണിക്കൂര്‍ മാത്രമാണ് അനുവദിച്ചത്. ഗവര്‍ണറുടെ ഈ നടപടി വിവേചനപരമാണെന്ന് ശിവസേന ഹര്‍ജിയില്‍ ആരോപിക്കുന്നു. ശിവസേനക്കായി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബല്‍ കോടതിയില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് ബിജെപി പിന്‍വാങ്ങിയതോടെയാണ് ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായ ശിവസേനയ്ക്ക് ഭൂരിപക്ഷം തെളിയിക്കുന്നതിന് ഗവര്‍ണര്‍ 24 മണിക്കൂര്‍ സമയം നല്‍കിയിരുന്നത്. എന്നാല്‍ ഈ സമയത്തിനുള്ളില്‍ എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചര്‍ച്ചകള്‍ പൂര്‍ത്തികരിക്കാന്‍ ശിവസേനക്കായിരുന്നില്ല.

സമയം നീട്ടിനല്‍കണമെന്ന് ശിവസേന ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഗവര്‍ണര്‍ ഇത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നാമത്തെ വലിയ കക്ഷിയായ എന്‍സിപിയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തു. 24 മണിക്കൂര്‍ സമയം തന്നെയാണ് എന്‍സിപിക്കും നല്‍കിയിരിക്കുന്നത്.

Top