രണ്ട് സിംഹങ്ങളെ നഷ്ടമായി; എന്‍ഡിഎയ്ക്ക് ഇനി നിലനില്‍പ്പുണ്ടോയെന്ന് ശിവസേന

മുംബൈ: എന്‍ഡിഎയില്‍ നിന്ന് സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദളും പുറത്തുപോയതോടെ ഇനി ആരാണ് ബാക്കിയുള്ളതെന്ന ചോദ്യവുമായി ശിവസേന. എന്‍ഡിഎയുടെ അവസാന തൂണായിരുന്ന ശിരോമണി അകാലിദള്‍ സഖ്യം വിടുന്നത് തടയാന്‍ പോലും എന്‍ഡിഎ തയ്യാറായില്ലെന്നത് ആശ്ചര്യകരമാണെന്നും ശിവസേന പറയുന്നു. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് ശിവസേന ഇക്കാര്യം പറയുന്നത്.

നേരത്തെ ശിവസേനയും എന്‍ഡിഎ വിട്ടിരുന്നു. രണ്ട് പാര്‍ട്ടികളും പുറത്തുപോയതോടെ ഇനി ആരാണ് മുന്നണിയില്‍ അവശേഷിക്കുന്നത്? അവിടെ ബാക്കിയുള്ളവര്‍ക്ക് ഹിന്ദുത്വവുമായി എന്തെങ്കിലും ചെയ്യാനുണ്ടോ? എന്‍ഡിഎയ്ക്ക് രണ്ട് സിംഹങ്ങളെ നഷ്ടമായിരിക്കുന്നു. ശക്തരായ രണ്ട് തൂണുകള്‍ നഷ്ടമായ എന്‍ഡിഎയ്ക്ക് ഇനി നിലനില്‍പ്പുണ്ടോ എന്നും ശിവസേന ചോദിക്കുന്നു.

കാര്‍ഷിക ബില്ലിന്മേലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സുഖ്ബീര്‍ സിങ് ബാദലിന്റെ നേതൃത്വത്തിലുള്ള ശിരോമണി അകാലിദള്‍ എന്‍ഡിഎ വിട്ടത്. ബിജെപിയുടെ ആദ്യകാലം മുതലുള്ള സഖ്യകക്ഷികളില്‍ ഒന്നാണ് ശിരോമണി അകാലി ദള്‍.

Top