പറഞ്ഞതെല്ലാം വിഴുങ്ങി സേന, എന്‍സിപി, കോണ്‍ഗ്രസ് കൂട്ടുകെട്ട്; എല്ലാം മറാത്തയുടെ നന്മയ്ക്ക്

ഹാരാഷ്ട്രയില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ക്കൊടുവില്‍ ശിവസേനയുടെ നേതൃത്വത്തില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരണം സാധ്യമാകുകയാണ്. കോണ്‍ഗ്രസിനെയും, എന്‍സിപിയെയും കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്നത് സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് ശിവസേന വക്താവ് സഞ്ജയ് റൗത്ത്. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ ശിവസേന അഞ്ച് വര്‍ഷമല്ല, അടുത്ത 25 വര്‍ഷത്തേക്ക് ഭരണത്തില്‍ ഉണ്ടാകുമെന്നും റൗത്ത് പ്രതികരിച്ചു.

മൂന്ന് കക്ഷികളെ ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ മുഖ്യമന്ത്രി പദം പങ്കുവെയ്ക്കാന്‍ തയ്യാറാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രാജ്യസഭാ എംപി. ‘സംസ്ഥാനത്തിനും, ജനങ്ങള്‍ക്കും അനുയോജ്യമായ കോമണ്‍ മിനിമം പ്രോഗ്രാം തീരുമാനിക്കാന്‍ കോണ്‍ഗ്രസ്, എന്‍സിപി എന്നിവരുമായി ചര്‍ച്ച തുടരുകയാണ്. ഭൂരിപക്ഷമുള്ള പാര്‍ട്ടിയുടെ സര്‍ക്കാര്‍ ആണെങ്കിലും, സഖ്യസര്‍ക്കാര്‍ ആയാലും ഭരണത്തിന് അജണ്ട ആവശ്യമാണ്’, റൗത്ത് വ്യക്തമാക്കി.

shivsena

shivsena

അടിസ്ഥാന സൗകര്യ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാനുണ്ട്. വരള്‍ച്ചയും, കാലം തെറ്റിയുള്ള മഴയും പ്രശ്‌നങ്ങളാണ്. ഞങ്ങള്‍ക്കൊപ്പം ചേരുന്നവര്‍ ഭരണനിര്‍വ്വഹണത്തില്‍ പരിചയസമ്പത്തുള്ളവരാണ്. ഇതിന്റെ ഗുണം ലഭിക്കും, റൗത്ത് അവകാശപ്പെട്ടു. അടുത്ത കാലം വരെ സേനയുടെ രാഷ്ട്രീയ എതിരാളിയായിരുന്ന കോണ്‍ഗ്രസിനൊപ്പം ചേരുന്നതിനെയും അദ്ദേഹം ന്യായീകരിച്ചു. രാജ്യത്തെ പ്രായമേറിയപാര്‍ട്ടി സ്വാതന്ത്ര്യ സമരത്തിലും, മഹാരാഷ്ട്ര വികസനത്തിലും പങ്ക് വഹിച്ചതാണ് സഖ്യത്തില്‍ എത്താന്‍ കാരണമായി റൗത്ത് ചൂണ്ടിക്കാണിക്കുന്നത്.

മുഖ്യമന്ത്രി പദം പങ്കുവെയ്ക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അടുത്ത 25 വര്‍ഷം സേനയുടെ മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കുമെന്നും സഞ്ജയ് റൗത്ത് കൂട്ടിച്ചേര്‍ത്തു. ആര് തടയാന്‍ ശ്രമിച്ചാലും മഹാരാഷ്ട്രയുടെ നേതൃത്വം നിര്‍വ്വഹിക്കാന്‍ ശിവസേന തയ്യാറാകുമെന്നും അദ്ദേഹം പറയുന്നു.

Top