മോദി പവാറിന് നല്‍കിയ ഓഫറില്‍ എന്തോ ചതിയുണ്ടല്ലോ! സംശയങ്ങളുമായി ശിവസേന

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചില ഓഫറുകള്‍ നല്‍കിയെന്ന വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച് ശിവസേന. സേനയ്ക്ക് മുഖ്യമന്ത്രി കസേര ലഭിക്കുന്നത് തടയുകയായിരുന്നു ബിജെപിയുടെ ലക്ഷ്യമെന്നാണ് പഴയ സഖ്യകക്ഷിയുടെ പരാതി. സേന മുഖപത്രമായ സാമ്‌നയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ബിജെപി നേതൃത്വത്തെ കടന്നാക്രമിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 54 എംഎല്‍എമാരെ ലഭിക്കുന്നത് വരെ പവാറിന്റെ ശക്തിയെക്കുറിച്ച് ബിജെപി തിരിച്ചറിയാതെ പോയത് എന്ത് കൊണ്ടാണെന്ന് സേന ചോദിക്കുന്നു. ‘തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പവാര്‍ മഹാരാഷ്ട്രയ്ക്ക് എന്ത് ചെയ്‌തെന്നാണ് അമിത് ഷാ ചോദിച്ചത്. ഈ സംശയം ഷായ്ക്കും, മറ്റുള്ളവര്‍ക്കും ഉണ്ടെങ്കില്‍ എന്ത് അനുഭവ സമ്പത്താണ് മോദി വിനിയോഗിക്കാന്‍ ശ്രമിച്ചത്? പവാറിന് മികച്ച പരിചയ സമ്പത്തുണ്ട്, ഇത് മനസ്സിലാക്കാന്‍ അഞ്ചര വര്‍ഷം മോദി, ഷാ ടീമിന് ഭരിക്കേണ്ടി വന്നു?’, സേന ചോദിച്ചു.

ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് പ്രധാനമന്ത്രി ഓഫര്‍ ചെയ്‌തെന്നാണ് ഒരു മറാത്ത ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് പവാര്‍ തന്നെ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ‘ശിവജി മഹാരാജിന്റെ ആശയങ്ങളുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയുകയായിരുന്നു അവരുടെ ലക്ഷ്യം. സേന മുഖ്യമന്ത്രി ഉണ്ടാകാതിരിക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്’, സാമ്‌ന കുറ്റപ്പെടുത്തി.

ഒക്ടോബറില്‍ പുറത്തുവന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 105 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ശിവസേന മുഖ്യമന്ത്രി കസേര ചോദിച്ചതോടെ ഈ തെരഞ്ഞെടുപ്പ് സഖ്യം വേര്‍പിരിഞ്ഞു. എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കൊപ്പമാണ് സേന സര്‍ക്കാര്‍ രൂപീകരിച്ചത്.

Top