ശിവസേന പിളര്‍പ്പ്;അയോഗ്യത ഹര്‍ജികള്‍ തീര്‍പ്പാക്കാന്‍ സ്പീക്കര്‍ക്ക് അന്തിമ സമയപരിധി നല്‍കി സുപ്രീംകോടതി

ഹാരാഷ്ട്രയിലെ ശിവസേന- എന്‍സിപി പാര്‍ട്ടികളില്‍ ഉണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട അയോഗ്യത ഹര്‍ജികള്‍ തീര്‍പ്പാക്കാന്‍ നിയമസഭാ സ്പീക്കര്‍ക്ക് അന്തിമ സമയപരിധി നല്‍കി സുപ്രീംകോടതി. അയോഗ്യത നേരിടുന്ന ശിവസേന ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന്റെ കാര്യത്തില്‍ ഡിസംബര്‍ 31നകവും എന്‍സിപിയുടേത് ജനുവരി 31 നകവും തീരുമാനമാക്കണമെന്ന് കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

2022 ജൂലൈയില്‍ ശിവസേനയിലുണ്ടായ പിളര്‍പ്പില്‍ ഭരണഘടനാ ബെഞ്ച് ഇക്കഴിഞ്ഞ മെയില്‍ വിധി പുറപ്പെടുവിച്ചിരുന്നു. ന്യായമായൊരു സമയത്തിനുള്ളില്‍ അയോഗ്യതയുടെ കാര്യത്തിലൊരു തീരുമാനം സ്പീക്കര്‍ എടുക്കണമെന്ന് അന്ന് കോടതി ഉത്തരവിട്ടിരുന്നു.എന്‍സിപിയിലെ പിളര്‍പ്പ് സംബന്ധിച്ച കേസ് ഈ വര്‍ഷമാണ് രജിസ്റ്റര്‍ ചെയ്തത് എന്നതിനാല്‍ അയോഗ്യത തീര്‍പ്പാക്കാന്‍ ജനുവരി 31 വരെ സമയം നല്‍കുകയായിരുന്നു.

അയോഗ്യതയില്‍ തീരുമാനമെടുക്കാന്‍ ഫെബ്രുവരി 29 വരെ സമയം വേണമെന്നായിരുന്നു മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറിന്റെ നിലപാട്. എന്നാല്‍ ഇതില്‍ കോടതി കടുത്ത അതൃപ്തി അറിയിച്ചു.ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും ദേവദത്ത് കാമത്തുമാണ് ഹാജരായത്. അതേസമയം, അജിത് പവാര്‍ ഗ്രൂപ്പിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയും ഏകനാഥ് ഷിന്‍ഡെ ഗ്രൂപ്പിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളും ഹാജരായിരുന്നു.

 

Top