ശിവസേനയ്ക്ക് പെട്ടെന്ന് ഗാന്ധി പ്രേമം; എസ്പിജി സുരക്ഷ ഒഴിവാക്കിയതിനെതിരെ വിമര്‍ശനം

ഖ്യം മാറിയതിന് പിന്നാലെ ശിവസേനയ്ക്ക് പൊടുന്നനെ ഗാന്ധി-നെഹ്‌റു കുടുംബത്തോട് സ്‌നേഹം. മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസ വോട്ട് നേടാന്‍ ഒരുങ്ങവെയാണ് കോണ്‍ഗ്രസ് കുടുംബത്തോടുള്ള സ്‌നേഹം വെളിവാക്കി ശിവസേന രംഗത്ത് വന്നത്. ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ ഒഴിവാക്കിയതില്‍ ആശങ്ക പ്രകടിപ്പിച്ചാണ് പാര്‍ട്ടി രംഗത്ത് വന്നിരിക്കുന്നത്.

ഡല്‍ഹി ആയാലും, മഹാരാഷ്ട്ര ആണെങ്കിലും രാഷ്ട്രീയക്കാര്‍ക്ക് അവരുടെ ചുറ്റുപാടില്‍ സുരക്ഷിതത്വം അനുഭവപ്പെടണമെന്നാണ് ശിവസേന മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തില്‍ എഴുതിയിരിക്കുന്നത്. സോണിയാ ഗാന്ധി, മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവരുടെ എസ്പിജി സുരക്ഷ പിന്‍വലിച്ച സര്‍ക്കാര്‍ പകരം സിആര്‍പിഎഫ് ഇസഡ് പ്ലസ് സുരക്ഷയാണ് ഒരുക്കിയത്.

പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, മറ്റ് മന്ത്രിമാര്‍ എന്നിവരൊന്നും തങ്ങളുടെ സുരക്ഷ ഒഴിവാക്കാന്‍ തയ്യാറല്ല, ബുള്ളറ്റ്പ്രൂഫ് കാറുകളുടെ പ്രാധാന്യവും കുറയുന്നില്ല. ഈ ഘട്ടത്തില്‍ ഗാന്ധിമാരുടെ സുരക്ഷ ആശങ്കയ്ക്ക് പ്രാധാന്യമുണ്ട്. ഉപയോഗിച്ച കാറുകള്‍ അയച്ച് നല്‍കിയതും ആശങ്ക ഉയര്‍ത്തുന്നു, സേന കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നാണ് ശിവസേന മുഖപത്രം ആവശ്യപ്പെടുന്നത്.

ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷ വേണ്ടെന്ന് തീരുമാനിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഏത് വ്യക്തിക്കാണ് തോന്നിയതെന്നാണ് ശിവസേന ചോദിക്കുന്നത്. ഫഡ്‌നാവിസ് സര്‍ക്കാര്‍ രൂപീകരിച്ച് ഭരണം നേടുമെന്ന് കരുതിയ ആഭ്യന്തര മന്ത്രാലയത്തിന്റെ ചിന്ത തെറ്റിയില്ലേയെന്നും ഇവര്‍ ന്യായീകരിക്കുന്നു. ആരുടെയും ജീവന്‍ വെച്ച് കളിക്കരുതെന്നും പാര്‍ട്ടി വ്യക്തമാക്കി. നിലവില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കും, അവരുടെ ഒപ്പം താമസിക്കുന്ന അടുത്ത കുടുംബാംഗങ്ങള്‍ക്കും 5 വര്‍ഷത്തേക്ക് മാത്രമാണ് എസ്പിജി സുരക്ഷ ലഭിക്കുക.

Top