ഓപ്പറേഷന്‍ താമര; ബിജെപിയെ ഗെഹലോത് പാഠം പഠിപ്പിച്ചെന്ന് ശിവസേന

മുംബൈ: രാജസ്ഥാനിലെ ഓപ്പറേഷന്‍ താമരയെ മുഖ്യമന്ത്രി അശോക് ഗെഹലോത് മറ്റൊരു പാഠം പഠിപ്പിച്ചെന്ന് ശിവസേന. മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണ് ശിവസേന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

മറ്റു രാഷ്ട്രീയ കക്ഷികളിലെ എംഎല്‍എമാരെ സ്വാധീനിച്ച് സര്‍ക്കാരിനെ അട്ടിമറിക്കുന്ന ബിജെപിയുടെ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകരാണ് ഓപ്പറേഷന്‍ താമര എന്ന് വിശേഷിപ്പിച്ചത്.

‘മഹാരാഷ്ട്രയില്‍ അതിരാവിലെ നടത്തിയ ഓപ്പറേഷന്‍ പാളിപ്പോയി. ഇപ്പോഴെങ്കിലും ബിജെപി ഒരു പാഠം പഠിക്കാന്‍ തയ്യാറാകണം. ചില വ്യാജ ഡോക്ടര്‍മാരെ അണിനിരത്തിക്കൊണ്ട് മഹാരാഷ്ട്രയില്‍ സെപ്റ്റംബറില്‍ ഒരു പുതിയ ഓപ്പറേഷന്‍ നടത്താനാണ് പുതിയ തീരുമാനം. വിട്ടുപോകാനുളള ഒരു ലക്ഷണവും കൊറോണ വൈറസ് കാണിക്കുന്നില്ല. തൊഴിലില്ലായ്മ വര്‍ധിക്കുന്നു. സമ്പദ്ഘടനയും തകര്‍ച്ചയിലാണ്.

രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കണ്ടതിന് ശേഷം പാര്‍ട്ടിയുടെ താല്പര്യങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് സച്ചിന്‍ പൈലറ്റ് സമ്മതിച്ചതോടെ ഒരു മാസം നീണ്ടു നിന്ന പ്രതിസന്ധിക്കൊടുവില്‍ ഗെഹലോത് തന്റെ സര്‍ക്കാരിനെ രക്ഷിച്ചുവെന്നും ശിവസേന അഭിപ്രായപ്പെട്ടു. ഗെഹലോതിനെതിരായ ഒരു ദുര്‍ബലനായ കളിക്കാരനാണ് താനെന്ന് സച്ചിന്‍ തെളിയിച്ചുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Top