ഖേല്‍ രത്‌നയില്‍ നിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കിയ തീരുമാനത്തിനെതിരെ ശിവസേന

ന്യൂഡല്‍ഹി: പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍ രത്‌നയില്‍ നിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കിയ തീരുമാനത്തിനെതിരെ ശിവസേന രംഗത്ത്. ശിവസേന മുഖപത്രമായ സാമ്‌നയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ശിവസേന നിലപാടറിയിച്ചിരിക്കുന്നത്.

രാഷ്ട്രീയ കളിയാണ് കേന്ദ്ര സര്‍ക്കാറിന്റേതെന്നും, രാജീവ് ഗാന്ധിയുടെ പേരിലുള്ള അവാര്‍ഡ് പേര് മാറ്റാതെ ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിന്റെ പേരില്‍ മറ്റൊരു അവാര്‍ഡ് പ്രഖ്യാപിക്കാമായിരുന്നു എന്നാണ് ശിവസേന പ്രതികരിച്ചത്.

ധ്യാന്‍ ചന്ദിന്റെ പേരില്‍ വലിയൊരു അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നെങ്കില്‍ സര്‍ക്കാറിനെ ഞങ്ങള്‍ അഭിനന്ദിക്കുമായിരുന്നു. ധ്യാന്‍ ചന്ദിനെ ആദരിക്കേണ്ടത് രാജീവ് ഗാന്ധിയുടെ ത്യാഗത്തെ അപമാനിക്കാതെ വേണം. വിഷയത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ശിവസേന പറയുന്നു.

മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രാജ്യത്തിന് വേണ്ടിയുള്ള ത്യാഗം പരിഹസിക്കപ്പെടാന്‍ പാടില്ല. ഇന്ദിരാ ഗാന്ധി ഭികരരാല്‍ കൊല്ലപ്പെട്ടു. അതേ പോലെ ഭീകരരുടെ ആക്രമണത്തില്‍ രാജീവ് ഗാന്ധിക്കും ജീവന്‍ നഷ്ടമായി. ഇത്തരത്തില്‍ രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ത്യാഗം ചെയ്തവരെ പരിഹാസപാത്രമാക്കുന്നത് ശരിയല്ല. രാഷ്ട്രീയ വ്യത്യാസമുണ്ടെങ്കിലും, രാജ്യത്തിന് വേണ്ടി ജീവന്‍ നഷ്ടപ്പെടുത്തിയവരെ അപമാനിക്കരുതെന്നും സാമ്‌നയിലെ മുഖപ്രസംഗം വ്യക്തമാക്കുന്നു.

Top