നവനിര്‍മ്മാണ്‍ പാര്‍ട്ടിയെ ഭയക്കുന്നു? ലേഖനത്തിലൂടെ നിലപാട് മാറ്റി ശിവസേന!

മുംബൈ: പൗരത്വ നിയമ ഭേദഗതിയില്‍ നിലപാട് തിരുത്തി ശിവസേന. ബംഗ്ലാദേശില്‍ നിന്നുമുള്ള മുസ്ലീങ്ങളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്നാണ് ശിവസേന പറയുന്നത്. ശിവസേനയുടെ ഇപ്പോഴത്തെ കളം മാറ്റം രാജ് താക്കറയുടെ നവനിര്‍മ്മാണ്‍ പാര്‍ട്ടിയെ ഭയന്നാണ്. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മാത്രമല്ല നവനിര്‍മ്മാണ്‍ പാര്‍ട്ടി കൊടിയുടെ നിറം മാറ്റിയതിനേയും ശിവസേന വിമര്‍ശിക്കുന്നുണ്ട്.

പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലെത്തിയവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് റാലി നടത്തുമെന്ന് രാജ്താക്കറെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന മറുകണ്ടം ചാടിയിരിക്കുന്നത്. ‘ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള മുസ്ലീംകളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, അങ്ങനെ പറയാന്‍ നിങ്ങള്‍ക്ക് കൊടിയുടെ നിറം മാറ്റേണ്ടി വന്നു. അത് രസകരമായ കാര്യമാണ്. ശിവസേന ഒരിക്കലും അതിന്റെ കൊടി മാറ്റിയിട്ടില്ല. അതെന്നും കാവിനിറത്തിലുള്ളതു തന്നെയായിരിക്കും. ശിവസേന എന്നും ഹിന്ദുത്വത്തിനു വേണ്ടി പോരാടും. പൗരത്വഭേദഗതി നിയമത്തിന് നിരവധി പഴുതുകളുണ്ട്’. സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു.

മാത്രമല്ല ബിജെപിയുമായി സഖ്യമുണ്ടാക്കി വോട്ട് നേടാനാണ് മഹാരാഷ്ട്രയില്‍ നവനിര്‍മ്മാണ്‍ സേന പാര്‍ട്ടി പതാകയുടെ നിറം മാറ്റിയതെന്ന് ലേഖനത്തില്‍ പറയുന്നുണ്ട്. വ്യാഴാഴ്ചയാണ് രാജ് താക്കറെ പാര്‍ട്ടിയുടെ പതാക മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കാവിനിറം ആരുടെയും കുത്തകയല്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു കാവി നിറത്തിലുള്ള പതാക സേന അവതരിപ്പിച്ചത്.

ശിവസേന മഹാ സഖ്യത്തോടൊപ്പം ചേര്‍ന്നതിന് ശേഷം തീവ്രഹിന്ദുത്വ നിലപാട് എന്ന ആശയം വിട്ടു. ഈ സാഹചര്യത്തില്‍ തീവ്രഹിന്ദുത്വ നിലപാട് ഉയര്‍ത്തി ബദല്‍ ശക്തിയാകാനാണ് രാജ് താക്കറെയുടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതിനോടുള്ള പ്രതികരണമാണ് ഇന്ന് സാമ്‌നയിലൂടെ ശിവസേന നടത്തിയിരിക്കുന്നത്.

Top