കോര്‍പ്പറേഷന്‍ ‘ഭാഷയെ’ അപമാനിച്ചു; ഇംഗ്ലീഷില്‍ എഴുതിയ രേഖ കീറിയെറിഞ്ഞ് എംഎല്‍എ

മുംബൈ: അന്ധേരി-കുര്‍ള റോഡ് വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ഔദ്യോഗിക രേഖ കീറിയെറിഞ്ഞ് ശിവസേന എംഎല്‍എ. മറാത്തി ഭാഷയ്ക്ക് പകരം ഇംഗ്ലീഷ് ഉപയോഗിച്ചതാണ് എംഎല്‍എയെ പ്രകോപിതനാക്കിയത്. മുംബൈ ഛണ്ടീവാലിയില്‍ നിന്നുള്ള എംഎല്‍എ ദിലീപ് ലാന്‍ഡെയാണ് ഔദ്യോഗിക രേഖ കീറിയെറിഞ്ഞത്.

ചടങ്ങില്‍ പേരുകളടങ്ങിയ പട്ടിക എംഎല്‍എയ്ക്ക് കൈമാറുകയുണ്ടായി. ഇവ മറാത്തിയ്ക്ക് പകരം ഇംഗ്ലീഷില്‍ രേഖപ്പെടുത്തി എന്നാരോപിച്ചാണ് എംഎല്‍എ കീറിയെറിഞ്ഞ് പ്രതികരിച്ചത്. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി കമ്മീഷണറടക്കമുള്ള ഉദ്യോഗസ്ഥരും എംഎല്‍എയ്‌ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

മറാത്തി ഭാഷ ഔദ്യോഗികമായി പോലും ഉപയോഗിക്കണം എന്ന ഉത്തരവ് നിലനില്‍ക്കുമ്പോള്‍ തന്നെ അത് മറികടന്ന് ഇങ്ങനെ ചെയ്തത് എംഎല്‍എ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു അദ്ദേഹം രേഖ കീറി കളഞ്ഞത്.

മുഖ്യമന്ത്രിയായ ഉദ്ദവ് താക്കറെ മറാത്തിഭാഷയ്ക്ക് പൈതൃകഭാഷ പദവി ലഭിക്കാനുള്ള ശ്രമങ്ങള്‍ നടത്തവെ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ഭാഷയെ അപമാനിക്കുന്നു എന്നാണ് ദിലീപിന്റെ ആരോപണം.

Top