മഹാരാഷ്ട്രയില്‍ ബിജെപിക്ക് മേല്‍ സമ്മര്‍ദ്ദം; മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന് ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി സഖ്യകക്ഷിയായ ശിവസേന. മുഖ്യമന്ത്രി പദം സ്ഥിരമായി ബിജെപിക്ക് നല്‍കാനാവില്ലെന്നാണ് ശിവസേന ഉന്നയിക്കുന്നത്. ശിവസേനയുടെ എംഎല്‍എമാരെല്ലാം മുംബൈയില്‍ യോഗം ചേര്‍ന്നത് ബിജെപിയെ ശരിക്കും ആശങ്കപ്പെടുത്തുന്നുണ്ട്.

ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുമായി തീരുമാനിച്ച 50:50 കരാര്‍(രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി പദവി) നടപ്പാക്കുമെന്ന ഉറപ്പ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍നിന്ന് എഴുതിവാങ്ങണമെന്നാണ് ശിവസേന എം.എല്‍.എമാരുടെ അഭിപ്രായം.ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ വസതിയില്‍ 56 എം.എല്‍.എമാരും പങ്കെടുത്ത നിയമസഭാകക്ഷി യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്.

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിസ്ഥാനം പങ്കിടാമെന്ന് ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് അമിത് ഷാ ഉറപ്പുനല്‍കിയതാണ്. അങ്ങനെയാണെങ്കില്‍ ബി.ജെ.പി.ക്കും ശിവസേനയ്ക്കും രണ്ടരവര്‍ഷം വീതം ഭരണംനടത്താം. ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം ലഭിക്കുകയും ചെയ്യും.ഇക്കാര്യത്തില്‍ ഉദ്ധവ് താക്കറെ ബി.ജെ.പി.യില്‍നിന്ന് ഉറപ്പുവാങ്ങിക്കണം- ശിവസേന എം.എല്‍.എയായ പ്രതാപ് സര്‍നായിക്ക് പ്രതികരിച്ചു.

ഉദ്ധവ് താക്കറെയുടെ മകനും കന്നിയങ്കത്തില്‍തന്നെ എം.എല്‍.എയുമായ ആദിത്യ താക്കറെയെ ആദ്യം മുഖ്യമന്ത്രിയാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. ഭാവി മുഖ്യമന്ത്രി ആദിത്യ താക്കറെയാണെന്നുള്ള പോസ്റ്ററുകളും ഇതിനോടകം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാല്‍ ഫോര്‍മുല നടപ്പാക്കുകയാണെങ്കില്‍ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ ആദ്യം മുഖ്യമന്ത്രിയാകണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി,അമിത് ഷാ തുടങ്ങിയ നേതാക്കളുടെ ആഗ്രഹം.

Top