എഐഎംഐഎമ്മുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി ശിവസേന

shivsena

മുംബൈ: അസദുദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി ശിവസേന. ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യത്തിലേക്ക് എഐഎംഐഎമ്മിനെ സ്വീകരിക്കില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് വ്യക്തമാക്കി.

‘ഔറഗസേബിന്റെ ശവകുടീരത്തിന് മുന്നില്‍ വണങ്ങുന്ന പാര്‍ട്ടിയുമായി എങ്ങനെയാണ് ഞങ്ങള്‍ക്ക് സഖ്യം സാധ്യമാവുക. അതേ പറ്റി ചിന്തിച്ചിട്ടു പോലുമില്ല. അതേക്കുറിച്ച് ചിന്തിക്കുന്നത് തന്നെ രോഗമാണ്. ശിവസേന ഛത്രപതി ശിവജി മഹാരാജിന്റെ ആദര്‍ശങ്ങളാണ് പിന്തുടരുന്നത്. അത് ഭാവിയിലും തുടരും,’ സഞ്ജയ് റൗത്ത് പറഞ്ഞു, ഒപ്പം എഐഎംഐഎം ബിജെപിയുമായി രഹസ്യ സഖ്യത്തിലാണെന്നും യുപി തെരഞ്ഞെടുപ്പില്‍ ഇത് കണ്ടതാണെന്നും ഇത്തരമൊരു പാര്‍ട്ടിയുമായി അകലം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എഐഎംഐഎമ്മിനെതിരെ എന്‍സിപി നേതാവ് ജയന്ത് പാട്ടീലും വിമര്‍ശനമുന്നയിച്ചു. യുപിയിലെ ബിജെപിയുടെ വിജയത്തിന് വഴിതെളിച്ചത് എഐഎംഐഎമ്മാണെന്നും പാര്‍ട്ടിയുടെ ഉദ്ദേശ്യമെന്തെന്ന് പ്രവൃത്തികളിലൂടെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. എഐഎംഐഎം നേതാവ് ജലീല്‍ മഹാ വികാസ് അഘാടി സഖ്യ സര്‍ക്കാരില്‍ ചേരാന്‍ തയ്യാറാണെന്ന് ഇംതിയാസ് ജലീല്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഇരു നേതാക്കളും.

Top