ആരാണ് അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി? ഉദ്ധവിന് പകരം ഏകനാഥ് ഷിന്‍ഡെയ്ക്ക് നറുക്കുവീഴും

ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ മഹാരാഷ്ട്രയില്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. വൈകുന്നേരത്തോടെ അന്തിമപ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാമെന്ന സൂചനകള്‍ക്കിടെ മഹാരാഷ്ട്ര സര്‍ക്കാരിന് ആരാകും സാരഥ്യം വഹിക്കുകയെന്ന ചോദ്യങ്ങള്‍ ബാക്കിനില്‍ക്കുന്നു. മുഖ്യമന്ത്രി പദവി ശിവസേനയ്ക്ക് ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ടെങ്കിലും ആരെ ഇതിന് നിയോഗിക്കുമെന്ന് തീരുമാനിച്ചിട്ടില്ല.

വ്യാഴാഴ്ച വരെ സേനാ മേധാവി ഉദ്ധവ് താക്കറെ മുഖ്യമന്ത്രി ആകുമെന്നാണ് കരുതിയിരുന്നത്. എന്‍സിപി മേധാവി ശരത് പവാറും സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഉദ്ധവിനോട് സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനിടെ സേന നേതാവ് സഞ്ജയ് റൗത്തിന്റെ പേരും ഉയര്‍ന്നു. ഇപ്പോഴിതാ മുതിര്‍ന്ന നേതാവ് ഏകനാഥ് ഷിന്‍ഡെയുടെ പേര് പാര്‍ട്ടിയില്‍ ഉയരുന്നു. പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവ് കൂടിയാണ് ഷിന്‍ഡെ.

ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുന്നതില്‍ ഭൂരിപക്ഷം പാര്‍ട്ടി എംഎല്‍എമാരും സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്. അന്തിമതീരുമാനം ഉദ്ധവ് താക്കറെ സ്വീകരിക്കും. ഉദ്ധവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ദേഹം തന്നെ മുഖ്യമന്ത്രി പദം ഏല്‍ക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ സ്ഥാപകന്‍ ബാല്‍താക്കറെയ്ക്ക് മഹാരാഷ്ട്രയില്‍ ശിവസൈനികന്‍ മുഖ്യമന്ത്രിയാകുമെന്നാണ് ഉറപ്പ് നല്‍കിയതെന്ന് ഉദ്ധവ് വ്യക്തമാക്കി.

തനിക്ക് വേണ്ടിയല്ല മുഖ്യമന്ത്രി കസേര ചോദിച്ചത്. ഇതോടെയാണ് ഷിന്‍ഡെയുടെ പേര് എംഎല്‍എമാര്‍ നിര്‍ദ്ദേശിച്ചത്. മഹാ വികാസ് അഗഡി എന്നാണ് പുതിയ സഖ്യത്തിന് പേരിട്ടിരിക്കുന്നത്.

Top