അയോഗ്യതാനീക്കവുമായി ശിവസേന; മഹാരാഷ്ട്രയിൽ കൂറുമാറ്റം നിയമപോരാട്ടത്തിലേക്ക്

മുംബൈ: അയോഗ്യരാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏക്നാഥ് ഷിൻഡെയടക്കം 16 ശിവസേനാ വിമത എംഎൽഎമാർക്കു നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടിസ് അയച്ചു. ഇതോടെ മഹാരാഷ്ട്രയിൽ കൂറുമാറ്റം നിയമപോരാട്ടത്തിലേക്കു നീങ്ങുകയാണ്. നിലവിൽ സഭാധ്യക്ഷനായ ഡപ്യൂട്ടി സ്പീക്കറെ പുറത്താക്കണമെന്ന വിമതപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചില്ല. ഇതിനു രണ്ടിനുമെതിരെ ഗവർണറെയും കോടതിയെയും സമീപിക്കാനാണു വിമതരുടെ നീക്കം.

പാർട്ടി വിട്ടിട്ടില്ലെന്നും ശിവസേന (ബാലാസാഹെബ്) എന്ന പേരിൽ പുതിയ വിഭാഗമായി പ്രവർത്തിക്കുമെന്നും വിമത എംഎൽഎ ദീപക് കേസർക്കർ അറിയിച്ചു . താക്കറെയുടെ പേര് ഉപയോഗിക്കാൻ വിമതർക്ക് അധികാരമില്ലെന്ന് ഉദ്ധവ് തിരിച്ചടിച്ചു. ഇതേ തുടർന്ന് ശിവസേനാ സ്ഥാപകനും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പിതാവുമായ ബാൽ താക്കറെയുടെ പേര് ഷിൻഡെ പക്ഷം ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനും ശിവസേന തീരുമാനിച്ചു. ബാൽ താക്കറെ വികാരവും വൈകാരിക ഇടപെടലുമായി അണികളെ ചേർത്തുനിർത്താനാണ് പാർട്ടി അധ്യക്ഷൻ ഉദ്ധവിന്റെ ശ്രമം. വിമത മന്ത്രിമാരെ 24 മണിക്കൂറിനകം പദവിയിൽ നിന്നു മാറ്റുമെന്നു ശിവസേന നേതാവ് സഞ്ജയ് റാവുത്ത് മുന്നറിയിപ്പ് നൽകിയത് അവരെ സമ്മർദത്തിലാക്കിയിട്ടുണ്ട്.

വിമത എംഎൽഎമാരുടെ ഓഫിസുകൾ ശിവസേനാ പ്രവർത്തകർ ആക്രമിച്ചതോടെ മുംബൈയിലും താനെയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏക്നാഥ് ഷിൻഡെയുടെ മകനും കല്യാൺ എംപിയുമായ ശ്രീകാന്ത് ഷിൻഡെയുടെ നേതൃത്വത്തിൽ വിമതവിഭാഗവും വൻശക്തിപ്രകടനം നടത്തി. ശ്രീകാന്തിന്റെ ഓഫിസിനു നേരെയും ആക്രമണമുണ്ടായി. +55 ശിവസേന എംഎൽഎമാരിൽ 40 പേരുടെയും 10 സ്വതന്ത്രരുടെയും പിന്തുണയുണ്ടെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും ശക്തമായ തീരുമാനങ്ങളൊന്നും വിമതർ ഇന്നലെയും പ്രഖ്യാപിച്ചില്ല.

Top