ശിവസേനയിലെ അയോഗ്യത തർക്കം: സംശയം അറിയിച്ച് സുപ്രീം കോടതി

 ശിവസേനയിലെ അയോഗ്യത തർക്കത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പക്ഷത്തിന് അനുകൂലമായി സ്പീക്കർ കൈക്കൊണ്ട തീരുമാനത്തിൽ സുപ്രീം കോടതി സംശയം അറിയിച്ചു. സുപ്രീം കോടതിയുടെ ഉത്തരവിനു വിരുദ്ധമായാണ് ഷിൻഡെ വിഭാഗത്തെ സ്പീക്കർ അംഗീകരിച്ചതെന്നും എംഎൽഎമാരുടെ അയോഗ്യത ഒഴിവാക്കിയതെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാക്കാൽ പരാമർശിച്ചത്. കേസിൽ ഏപ്രിൽ 8ന് അന്തിമവാദം കേൾ‌ക്കുമെന്നും കോടതി വ്യക്തമാക്കി.

കൂറുമാറിയവരെ അയോഗ്യരാക്കണമെന്ന താക്കറെ പക്ഷത്തിന്റെ ആവശ്യം നിരാകരിച്ച സ്പീക്കർ രാഹുൽ നർവേക്കർ, പാർട്ടി വിട്ട ഷിൻഡെ പക്ഷത്തിന്റേതാണ് ‘യഥാർഥ ശിവസേന’യെന്നു വ്യക്തമാക്കിയിരുന്നു. ഇതു നിയമസഭയിലെ കക്ഷിബലം കണക്കിലെടുത്താണ് ചൂണ്ടിക്കാട്ടിയാണ് നടപടിയിൽ സുപ്രീം കോടതി സംശയം അറിയിച്ചത്. ശിവസേനയിലേതുപോലുള്ള പ്രശ്നങ്ങളിൽ നിയമസഭയിലെ കക്ഷി ബലം പരിശോധിക്കുന്നതിനു പകരം മറ്റു ചില ഘടകങ്ങൾ കണക്കിലെടുക്കേണ്ടതാണെന്ന് കഴിഞ്ഞ വർഷം മേയ് മാസത്തിൽ പുറപ്പെടുവിച്ച ഉത്തരവിൽ സുപ്രീം കോടതി നി‍ർദേശിച്ചിരുന്നു.

സംഘടനാശേഷി, ഭരണഘടനയിലെ വ്യവസ്ഥകൾ തുടങ്ങിയവയായിരുന്നു കോടതി നിർദേശിച്ചത്. ഹർജിയുടെ നിലനിൽപ്പു സംബന്ധിച്ച വിഷയങ്ങൾ ഷിൻഡെ വിഭാഗം ഇന്നലെ കോടതിയിൽ ഉന്നയിച്ചെങ്കിലും അന്തിമ വാദം കേൾക്കുമ്പോൾ ആദ്യം ഇതു പരിഗണിക്കുമെന്നായിരുന്നു കോടതി പറഞ്ഞത്. ഈ വർഷം ഒക്ടോബർ– നവംബർ മാസങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്നതിനാൽ ഹർജി അടിയന്തരമായി തീർപ്പാക്കണമെന്ന് ഉദ്ധവ് പക്ഷം കോടതിയിൽ ആവശ്യപ്പെട്ടു.

Top