”ബിജെപിയുമായി ഇനി സഖ്യത്തിനില്ല, മഹാരാഷ്ട്രയില്‍ ഒറ്റക്ക് ഭരണം പിടിക്കും”: ശിവസേന

മുംബൈ: ബിജെപിയുമായി ഇനി സഖ്യത്തിനില്ലെന്ന നിലപാടിലുറച്ച് ശിവസേന. ഇതോടെ ബിജെപിയുടെയും ദേശീയാധ്യക്ഷന്‍ അമിത് ഷായുടെയും പ്രതീക്ഷകള്‍ താളം തെറ്റി.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം ചേരേണ്ടെന്ന നയത്തിലുറച്ച് നില്‍ക്കുകയാണ് ശിവസേന. നിലവില്‍ കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപിയെ പിന്തുണക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പാര്‍ട്ടിക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ശിവസേന നടത്തിവരുന്നത്. എങ്കിലും ശിവസേന തങ്ങള്‍ക്കൊപ്പം തുടരുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ അമിത് ഷാ അത് പരസ്യമായി പറയുകയും ചെയ്തു.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഭരണം പിടിക്കുമെന്ന് ശിവസേന നേതാവ് സുഭാഷ് ദേശായ് പറഞ്ഞു. മഹാരാഷ്ട്രയില്‍ മാത്രമല്ല, വരും തെരഞ്ഞെടുപ്പുകളിലും ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയനേട്ടങ്ങള്‍ക്ക് വേണ്ടി മറ്റ് പാര്‍ട്ടികളെ ഉപയോഗപ്പെടുത്തി, അതിന് ശേഷം അവരെ വലിച്ചെറിയുന്ന രീതിയാണ് ബിജെപിയുടേത്. ഇത് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അറിയാമെന്നും ശിവസേന കുറ്റപ്പെടുത്തി.

എന്‍സിപി, കോണ്‍ഗ്രസ് എന്നിവരുമായും സഖ്യത്തിനില്ലെന്ന് ശിവസേന വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ പിന്തുണക്കുമെന്ന പ്രതീക്ഷിച്ച ബിജെപിക്ക് വലിയ പ്രഹരമാണ് ശിവസേന നല്‍കിയിരിക്കുന്നത്.

Top