പൗരത്വഭേദഗതി ബില്‍ ; വോട്ടുചെയ്യാതെ ശിവസേന ഇറങ്ങിപ്പോയി, പരിഹസിച്ച് അമിത് ഷാ

ന്യൂഡല്‍ഹി : രാജ്യസഭയില്‍ പൗരത്വഭേദഗതി ബില്ലിന്മേല്‍ നടന്ന വോട്ടെടുപ്പ് ശിവസേന ബഹിഷ്കരിച്ചു. ചര്‍ച്ചയ്ക്കിടെ ശിവസേന എം.പിമാര്‍ രാജ്യസഭയില്‍ നിന്നിറങ്ങിപ്പോയി.

മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്‍റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ശിവസേനയുടെ നീക്കമെന്നാണ് സൂചന. ലോക്സഭയില്‍ പൗരത്വഭേദഗതി ബില്ലിനെ അനുകൂലിച്ച ശിവസേനയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ശിവസേന നിലപാട് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കസേര മാറുമ്പോള്‍ ശിവസേന എന്തിനാണ് നിറം മാറുന്നതെന്ന് അമിത് ഷാ പരിഹസിച്ചു. കോണ്‍ഗ്രസിനും പാക്കിസ്ഥാനും ഒരേ ഭാഷയെന്നും അമിത് ഷാ കുറ്റപ്പെടുത്തി. രാവിലെ പ്രധാനമന്ത്രിയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. രാജ്യത്തെ മുസ്‌ലിംകളെ ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

ദ്വിരാശഷ്ട്ര വാദത്തിന് നിയമപരിരക്ഷ നല്‍കുന്ന ബില്ലാണിതെന്ന് കോണ്‍ഗ്രസ് എം.പി കപില്‍ സിബല്‍ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ഭാവി നശിപ്പിക്കുന്ന ബില്ലാണിത്, സവര്‍ക്കറാണ് ദ്വിരാഷ്ട്ര വാദം മുന്നോട്ടുവെച്ചത്, പേര് പറയാതെ ഒരു സമുദായത്തെ എതിര്‍ക്കുന്നതാണ് ബില്ലാണിതെന്നും ഇന്ത്യയെ രണ്ട് ദിനോസറുകള്‍ മാത്രമുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കി മാറ്റരുതെന്നും കപില്‍ സിബല്‍ പറഞ്ഞു.

Top