‘ശിവഭക്തനായ രാഹുല്‍ ഗാന്ധി’, റോഡ് ഷോയിലെ പോസ്റ്ററുകളില്‍ പൂജ ചെയ്യുന്ന രാഹുല്‍

ഭോപ്പാല്‍: 12 ദിവസത്തെ കൈലാസ്-മാനസരോവര്‍ യാത്രയ്ക്ക് ശേഷം മധ്യപ്രദേശിലെ ഭോപ്പാലില്‍ റോഡ്‌ ഷോ നടത്തുകയാണ് രാഹുല്‍ ഗാന്ധി. ശിവലിംഗത്തില്‍ പൂജ നടത്തുന്ന രാഹുലിന്റെ ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകളാണ് ഇവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 18 കിലോമീറ്ററുകളോളം പതിപ്പിച്ചിരിക്കുന്നത്. തുറന്ന വാഹനത്തിലായിരുക്കും രാഹുലിന്റെ പ്രകടനം. ഒരു ലക്ഷത്തിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും.

ലാല്‍ഘട്ടില്‍ നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. ഹിന്ദു പുരോഹിതന്മാരില്‍ നിന്നും പെണ്‍കുട്ടികളില്‍ നിന്നും അനുഗ്രഹം വാങ്ങിയാണ് രാഹുല്‍ റോഡ് ഷോയ്ക്ക് പുറപ്പെടുന്നത്.

സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരെ രാഹുല്‍ തുറന്ന വേദിയില്‍ നിന്ന് അഭിസംബോധന ചെയ്യും. 1,500 പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിപ്പിച്ചിരിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

rahul shiv bhakt

ഈമാസം 25ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും മധ്യപ്രദേശില്‍ എത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

കര്‍ണ്ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ഗാന്ധി സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം കൈലാസ്- മാനസരോവര്‍ സന്ദര്‍ശനം നടത്തിയത്. എന്നാല്‍, ചൈനീസ് ബന്ധമുള്ളതുകൊണ്ടാണ് രാഹുല്‍ കൈലാസ് യാത്ര നടത്തിയതെന്ന് ബിജെപി ആരോപിച്ചു. ചൈനീസ് ഗാന്ധിയെന്നാണ് രാഹുലിനെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ വിശേഷിപ്പിച്ചത്.

രാഹുല്‍ കടുത്ത ശിവഭക്തനാണെന്ന് ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ നേരത്തെ ഉത്തര്‍ പ്രദേശിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചിരുന്നു.

Top