കൊല്ലത്ത് വള്ളത്തിലിടിച്ച കപ്പല്‍ കസ്റ്റഡിയിലെടുക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

mercykutty amma

കൊല്ലം: കൊല്ലം തീരത്ത് മത്സ്യബന്ധന വള്ളത്തിലിടിച്ച കപ്പല്‍ കസ്റ്റഡിയിലെടുക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.

കപ്പല്‍ കസ്റ്റഡിയിലെടുക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികളെ തീരത്തെത്തിക്കുന്നതിന് നേവിയുടെ സഹായം തേടിയതായും മന്ത്രി പറഞ്ഞു.

നേവിയുടെ ഹെലികോപ്റ്ററും ഡോര്‍ണിയര്‍ വിമാനവും കൊച്ചിയില്‍നിന്നു പുറപ്പെട്ടിട്ടുണ്ട്. ഉടന്‍ തന്നെ അപകടത്തില്‍പ്പെട്ടവരെ തീരത്തെത്തിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.

കൊല്ലം തീരത്തുനിന്നും 39 നോട്ടിക്കല്‍ മൈല്‍ അകലെ രാജ്യാന്തര കപ്പല്‍ ചാലിലായിരുന്നു അപകടം. ചൂണ്ടക്കാരുടെ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. ആറു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. കതാലിയ എന്ന് പേരുള്ള ഹോംങ്കോംഗ് കപ്പലാണ് വള്ളത്തില്‍ ഇടിച്ചത്. വള്ളത്തില്‍ ഇടിച്ചശേഷം കപ്പല്‍ നിര്‍ത്താതെ പോയി.

Top