ഉഭയകക്ഷി ബന്ധം ശക്തം ; സുഷമ സ്വരാജ് ജപ്പാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

india jappan

ടോക്കിയോ: ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആംബെയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നു.

ചര്‍ച്ചയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ജപ്പാന്‍ പ്രധാനമന്ത്രി ആംബെയ്ക്കും സുഷമാ സ്വരാജ് ആശംസകളും നേര്‍ന്നു. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ളത് പരമ്പരാഗത സൗഹൃദമാണെന്നും ആ സൗഹൃദം ഹൃദയബന്ധത്തിലൂന്നിയതാണെന്നും ജാപ്പനീസ് പ്രധാനമന്ത്രിയും വ്യക്തമാക്കി. സുഷമ സ്വരാജും, ഷിന്‍സോ ആംബെയും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിക്കുന്ന വിവരം വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാറാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ ഭീകരാക്രമണങ്ങള്‍, സാമ്പത്തിക വികസനം, പരസ്പര സഹകരണം തുടങ്ങിയ വിഷയങ്ങള്‍ ഇന്ത്യയും ജപ്പാനും ചര്‍ച്ച ചെയ്തതായും, ഒപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് സംസാരിച്ചതായും ജപ്പാനീസ് വിദേശകാര്യ മന്ത്രി ടാറോ കോനോ അറിയിച്ചു. ചര്‍ച്ചയ്ക്ക് മുന്‍പായി ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാന്‍ ഫ്യൂമിയോ കിഷിതയെയും സുഷമ സ്വരാജ് സന്ദര്‍ശിച്ചിരുന്നു.

ടോക്കിയോയില്‍ വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തില്‍ ഇന്ത്യയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ ജപ്പാനുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനും, ഇന്ത്യയില്‍ ജപ്പാന് നല്ലൊരു ചിത്രം സൃഷ്ടിച്ചെടുക്കുന്നതിനുമായുള്ള കാര്യങ്ങളെ കുറിച്ചും സുഷമ സ്വരാജ് സംസാരിച്ചു. ജപ്പാനിലെ ഒന്‍പതാമത് ഇന്ത്യ-ജപ്പാന്‍ നയതന്ത്ര ഉച്ചകോടിയ്ക്കായി 3 ദിവസത്തെ സന്ദര്‍ശനത്തിനായാണ് വിദേശകാര്യമന്ത്രി ടോക്കിയോയിലെത്തിയത്.

Top