Shiny Mathew elected to Kochi Mayor

കൊച്ചി: ചോര നീരാക്കി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച കൗണ്‍സിലര്‍മാരെ വെട്ടി നിരത്തി പുതുമുഖ കൗണ്‍സിലറെ വ്യവസായിക തലസ്ഥാനത്തിന്റെ മേയറാക്കി കോണ്‍ഗ്രസ്.

സംസ്ഥാനത്തെ ഏറ്റവും സമ്പന്നമായ കോര്‍പ്പറേഷന്റെ മേയര്‍ സ്ഥാനത്തേക്കാണ് പശ്ചിമകൊച്ചിയില്‍ നിന്നുള്ള കൗണ്‍സിലര്‍ ഷൈനി മാത്യുവിനെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം തെരഞ്ഞെടുത്തത്.

കെപിസിസിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് എറണാകുളം എം.പി കെ.വി തോമസ് അടക്കമുള്ള വലിയ വിഭാഗത്തിന്റെ അഭിപ്രായം തള്ളിയാണ് തീരുമാനം.

എ ഗ്രൂപ്പിലെ തന്നെ സിറ്റിംഗ് കൗണ്‍സിലറായ സൗമിനി ജെയിന് സാമുദായിക സാമ്പത്തിക പരിഗണനയാണ് തിരിച്ചടിയായത്.

രണ്ടരവര്‍ഷം ഷൈനി മാത്യവും അവശേഷിക്കുന്ന രണ്ടരവര്‍ഷം സൗമിനി ജെയിനിനെയും മേയറാക്കാമെന്നതാണ് ധാരണയെങ്കിലും ഷൈനി മാത്യു മേയറായി കഴിഞ്ഞാല്‍ പിന്നെ അവര്‍ ഇറങ്ങുന്ന പ്രശ്‌നമുണ്ടാകില്ലെന്നാണ് കോണ്‍ഗ്രസിലെ പ്രബല വിഭാഗം വിശ്വസിക്കുന്നത്.

സമ്പന്ന കുടുംബത്തിലെ അംഗമാണ് എന്നതിനാല്‍ ഷൈനിക്ക് വേണ്ടി വലിയ സാമ്പത്തിക ‘ഇടപാടുകള്‍’ നടന്നതായി കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നു.

മേയര്‍ സ്ഥാനം പേയ്‌മെന്റ് സീറ്റാക്കിയതിനെതിരെ ശക്തമായ വികാരമാണ് കോണ്‍ഗ്രസ് അണികളില്‍ നിന്നും ഇപ്പോള്‍ ഉയരുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ‘ഐ’ ഗ്രൂപ്പിന് നല്‍കാന്‍ നേരത്തെ തീരുമാനിച്ചതിനാല്‍ എ ഗ്രൂപ്പാണ് മേയര്‍ സ്ഥാനാര്‍ത്ഥികളെ പ്രധാനമായും പരിഗണിച്ചിരുന്നത്.

സൗമിനി ജെയിനിനുവേണ്ടി നിലകൊണ്ടിരുന്ന എ വിഭാഗത്തിലെ പ്രമുഖര്‍ അവസാന നിമിഷം കാലുവാരിയാണ് ഷൈനി മാത്യുവിന് തുണയായത്. ഒരു വിഭാഗം ‘ഐ’ നേതാക്കളും ഷൈനിയെ തുണച്ചു.

ഈ പിന്‍തുണക്ക് പിന്നിലെ ‘രഹസ്യ’മാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത്. പേയ്‌മെന്റ് സീറ്റാണെന്ന കോണ്‍ഗ്രസിനുള്ളിലെ ആക്ഷേപം സിപിഎം പ്രചാരണമാക്കുന്നുണ്ട്.

എംഎല്‍എ, എം.പി മേയര്‍ പദവികള്‍ ലാറ്റിന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമായി നല്‍കിയതില്‍ ബിജെപിയും കടുത്ത പ്രതിഷേധത്തിലാണ്.

ഭൂരിപക്ഷ സമുദായത്തിന് കോണ്‍ഗ്രസിനുള്ളില്‍ നീതി ലഭിക്കുന്നില്ലെന്നതിന്റെ തെളിവായാണ് മേയര്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ അവര്‍ കാണുന്നത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ സാമുദായിക സമവാക്യം ചോദ്യം ചെയ്ത് നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. സിപിഎം ജാതിമത സമവാക്യങ്ങള്‍ക്കപ്പുറം പേയ്‌മെന്റ് സീറ്റെന്ന പ്രചരണത്തിനാണ് മുന്‍ഗണന കൊടുക്കുന്നത്.

മന്ത്രി ബാബുവിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന എ ഗ്രൂപ്പിന്റെ യോഗമാണ് മേയര്‍ സ്ഥാനാര്‍ത്ഥിയായി ഷൈനിയെ തെരഞ്ഞെടുത്തതായി ഡിസിസിയെ അറിയിച്ചത്.

Top