ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയത് വേദനയോടെ; ചന്ദ്രകാന്ത് പാട്ടിലിന്റെ വക ആദ്യ തീപ്പൊരി

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനാ വിമതനായ ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകണമെന്ന് കടുത്ത വേദനയോടെയാണ് പാര്‍ട്ടി തീരുമാനിച്ചത് എന്ന് മഹാരാഷ്ട്ര ബി ജെ പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. കേന്ദ്ര നേതൃത്വവും ഈ തീരുമാനം കൈക്കൊണ്ടത് ഇതേ വികാരത്തോടെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം പാര്‍ട്ടിക്ക് വ്യക്തമായ സന്ദേശം നല്‍കേണ്ടതിനാലാണ് ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി ബി ജെ പി മുന്നോട്ട് പോയത് എന്ന് ചന്ദ്രകാന്ത് പാട്ടീല്‍ അവകാശപ്പെട്ടു. ശരിയായ സന്ദേശം നല്‍കുകയും സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്ന ഒരു നേതാവിനെ തങ്ങള്‍ക്ക് നല്‍കേണ്ടതുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങള്‍ക്ക് അതൃപ്തിയുണ്ടായെങ്കിലും തീരുമാനം അംഗീകരിക്കേണ്ടി വന്നെന്നും ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. മഹാരാഷ്ട്ര ബി ജെ പി അധ്യക്ഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം അപ്രതീക്ഷിതമായാണ് ബി ജെ പി പ്രഖ്യാപിച്ചത്. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും എന്ന് ഉറപ്പിച്ച ശേഷം അവസാന നിമിഷമാണ് ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിച്ചത്. എന്നാല്‍ മഹാ വികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കിയതിന് ശേഷം ബി ജെ പിക്കുള്ളിലെ അമര്‍ഷത്തിന്റെ ആദ്യ തീപ്പൊരിയിലേക്കാണ് ഇപ്പോള്‍ ചന്ദ്രകാന്ത് പാട്ടിലിന്റെ വാക്കുക്കൾ വഴിവെച്ചിരിക്കുന്നത്. ജൂണ്‍ 30 നാണ് പുതിയ സംസ്ഥാന സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

Top