ബോളിവുഡില്‍ പീഡനങ്ങളില്ല, എല്ലാം പരസ്പര സമ്മതത്തോടെയെന്ന് ശില്‍പ ഷിന്‍ഡെ

മുംബൈ: ബോളിവുഡിലെ ‘മീ ടു’ ക്യാമ്പെയിനെതിരെ വിവാദ പ്രസ്താവനയുമായി സീരിയല്‍ താരം ശില്‍പ ഷിന്‍ഡെ രംഗത്ത്. ബോളിവുഡില്‍ പീഡനങ്ങള്‍ ഇല്ലെന്നും എല്ലാ കാര്യങ്ങളും പരസ്പര സമ്മതത്തോടെയാണ് നടക്കുന്നതെന്നും ഷിന്‍ഡെ പറഞ്ഞു.

ഇത് അസംബന്ധമാണ്. നിങ്ങള്‍ക്ക് എന്നാണ് ഇന്‍ഡസ്ട്രിയില്‍ നിന്ന് മോശമായ അനുഭവം നേരിട്ടത്. അന്ന് പ്രതികരിക്കേണ്ടിയിരുന്ന നിങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മുറവിളി കൂട്ടിയിട്ട് കാര്യമില്ല, അതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്. ഇത്തരം തുറന്ന് പറച്ചിലുകള്‍ കൊണ്ട് വിവാദം മാത്രമേ ഉണ്ടാകുകയുള്ളു. ലൈംഗിക അതിക്രമം നേരിട്ട സമയത്ത് പ്രതികരിക്കുന്നതിന് ചങ്കുറപ്പ് വേണമെന്നും ശില്‍പ ഷിന്‍ഡെ പറഞ്ഞു.

ബോളിവുഡ് മേഖല മോശമാണെന്നും നല്ലതാണെന്നും ഞാന്‍ പറയുന്നില്ല. സ്ത്രീകള്‍ തങ്ങളുടെ തൊഴിലിടങ്ങളില്‍ ചൂഷണത്തിന് ഇരയാകുന്നുമുണ്ട്. ഇവിടെയുള്ളവരെല്ലാം മോശം ആളുകളാണെന്നാണോ നിങ്ങള്‍ പറയുന്നത്. ഒരാള്‍ നിങ്ങളോട് എങ്ങനെയാണോ പെരുമാറുന്നത് അതിന് നിങ്ങളുടെ ഭാഗത്തു നിന്നുള്ള സമീപനം എന്താണ് എന്നതിനനുസരിച്ചിരിക്കുമെന്നും ഷിന്‍ഡെ പറയുന്നു. നിങ്ങള്‍ക്ക് അതിനോട് താല്പര്യമില്ലെങ്കില്‍ അതില്‍ നിന്ന് മാറി നില്‍ക്കണമായിരുന്നു. എന്നാല്‍ അത് നിങ്ങള്‍ ചെയ്തില്ലെന്നും ഷിന്‍ഡെ വ്യക്തമാക്കി.

Top