‘എന്റെയും മക്കളുടെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കൂ’: ശില്‍പ ഷെട്ടി

മുംബൈ: താന്‍ മാധ്യമ വിചാരണക്ക് ഇരയാകുന്നതായി നീലചിത്ര നിര്‍മാണത്തില്‍ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി. ഭര്‍ത്താവിന്റെ അറസ്റ്റിന് ആഴ്ചകള്‍ക്ക് ശേഷമാണ് താരത്തിന്റെ പ്രതികരണം.തന്റെ അഭിമാനത്തെ കളങ്കപ്പെടുത്തുന്ന തരത്തില്‍ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന് ബോംബെ ഹൈക്കോടതിയില്‍ പരാതി നല്‍കുകയും ഹര്‍ജി തങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് നടി സമൂഹമാധ്യമങ്ങളിലൂടെ തന്റെ കുടുംബത്തിന് നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ചത്.കേസില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്നും എന്നാല്‍ തനിക്കെതിരെയും മക്കള്‍ ഉള്‍പ്പെടെ കുടുംബത്തിന് എതിരെയും ട്രോളുകളും പരാമര്‍ശങ്ങളും ഉയരുന്നതായും ശില്‍പ പറഞ്ഞു. തന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കണമെന്നും നടി പ്രസ്താവനയില്‍ വിശദമാക്കി

‘അതെ! കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ എല്ലാ തരത്തിലും വെല്ലുവിളി നിറഞ്ഞതായിരുന്നു. ധാരാളം അഭ്യൂഹങ്ങളും ആരോപണങ്ങളും ഉണ്ടായി. മാധ്യമങ്ങളും മറ്റും എന്റെ മേല്‍ അനാവശ്യമായ കാര്യങ്ങള്‍ ഉന്നയിച്ചു. ധാരാളം ട്രോളുകളും ചോദ്യങ്ങളും ഉയര്‍ന്നു…. എനിക്ക് മാത്രമല്ല എന്റെ കുടുംബത്തിന് നേരെയും.

എന്റെ നിലപാട്… ഞാന്‍ ഇതുവരെ പങ്കുവച്ചിട്ടില്ല, ഈ കേസില്‍ അഭിപ്രായം പറയുന്നതില്‍ നിന്നും ഞാന്‍ വിട്ടുനില്‍ക്കും. കാരണം ഇത് നിയമത്തിന്റെ കീഴില്‍ വരുന്നതാണ്, അതിനാല്‍ ദയവായി എന്റെ പേരില്‍ തെറ്റായ അഭിപ്രായങ്ങള്‍ നല്‍കുന്നത് നിര്‍ത്തുക.ഒരു സെലിബ്രിറ്റി എന്ന നിലയില്‍ ‘ഒരിക്കലും പരാതിപ്പെടരുത്, ഒരിക്കലും വിശദീകരിക്കരുത്’ എന്ന എന്റെ തത്വശാസ്ത്രം ഇവിടെയും ആവര്‍ത്തിക്കുന്നു. മുംബൈ പൊലീസിലും ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയിലും എനിക്ക് പൂര്‍ണമായ വിശ്വാസമുണ്ട്.

ഒരു കുടുംബമെന്ന നിലയില്‍, നിയമപരമായി ലഭ്യമായ എല്ലാ ഉപായങ്ങളും ഞങ്ങള്‍ തേടുകയാണ്. പക്ഷേ, അതുവരെ ഞാന്‍ നിങ്ങളോട് വിനീതമായി അഭ്യര്‍ഥിക്കുന്നു- പ്രത്യേകിച്ച് ഒരു അമ്മയെന്ന നിലയില്‍- എന്റെ കുട്ടികള്‍ക്കുവേണ്ടി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും, അതിന്റെ സത്യസന്ധത പരിശോധിക്കാതെ പാതി ചുട്ട വിവരങ്ങളില്‍ അഭിപ്രായം പറയുന്നത് ഒഴിവാക്കണമെന്നും അപേക്ഷിക്കുന്നു. ‘താന്‍ രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്ന പൗരനാണെന്നും കഴിഞ്ഞ 29 വര്‍ഷമായി തന്റെ തൊഴിലില്‍ കഠിനാധ്വാനിയാണെന്നും ശില്‍പ വിശദീകരിച്ചു. ആളുകള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ആരെയും നിരാശപ്പെടുത്തില്ല. അതുപോലെ ഈ സമയം, തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയ്ക്കുള്ള അവകാശത്തെ ബഹുമാനിക്കണമെന്നും ബോളിവുഡ് താരം കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങള്‍ക്കെതിരെയും സമൂഹമാധ്യമങ്ങള്‍ക്കെതിരെയും നടി നല്‍കിയ മാനനഷ്ടക്കേസ് പരിധിയില്‍ വരില്ലെന്ന് കോടതി രണ്ട് ദിവസം മുന്‍പ് വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളുടെ അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി 25 കോടി നഷ്ടപരിഹാരവും താരം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ശില്‍പ്പയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെയോ സമൂഹമാധ്യമങ്ങളെയോ തടയാനാകില്ലെന്ന് കോടതി പറഞ്ഞു. പൊലീസ് പറഞ്ഞ കാര്യം റിപ്പോര്‍ട്ട് ചെയ്താല്‍ അത് അന്തസ്സിനെ കളങ്കപ്പെടുത്താനാണെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

 

Top