ഒരുപാടു പേരുടെ കഠിനാധ്വാനമാണ്, സിനിമയെ ബാധിക്കാന്‍ പാടില്ല; ‘ഹംഗാമ 2’ റിലീസില്‍ ശില്‍പ ഷെട്ടി

നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശില്‍പ ഷെട്ടി സിനിമയിലേക്ക് തിരിച്ചുവരുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കോമഡി ചിത്രമായ ഹംഗാമ 2 ലൂടെ തിരിച്ചുവരവിനൊരുങ്ങിയിരിക്കെയാണ് ഭര്‍ത്താവ് രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലാകുന്നത്. എന്നാല്‍, ആരാധകരോട് സിനിമ കാണണം എന്ന അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് ശില്‍പ ഷെട്ടി.

നല്ല സിനിമ നിര്‍മിക്കാന്‍ കഠിനാധ്വാനം ചെയ്ത ഒരു ടീമിന്റെ മുഴുവന്‍ പരിശ്രമഫലമാണ് ഹംഗാമ 2 എന്നും കേസ് സിനിമയെ ഒരിക്കലും ബാധിക്കാന്‍ പാടില്ല എന്നും ശില്‍പ ട്വിറ്ററില്‍ കുറിച്ചു. സിനിമയുമായി ബന്ധപ്പെട്ട ഓരോ വ്യക്തിക്കും വേണ്ടി കുടുംബസമേതം ഹംഗാമ 2 കാണണമെന്ന് താരം ആരാധകരോട് അഭ്യര്‍ത്ഥിച്ചു.

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ ചിത്രം ഹംഗാമയുടെ രണ്ടാം ഭാഗമാണ് ഹംഗാമ 2. പരേഷ് റാവല്‍, മീസാന്‍ ജെഫ്രി, പ്രണിത സുഭാഷ്, രാജ്പാല്‍ യാദവ്, ജോണി ലിവര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ചിത്രം വെള്ളിയാഴ്ച ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തു.തിങ്കളാഴ്ചയാണ് നീലച്ചിത്രം നിര്‍മിച്ച് മൊബൈല്‍ ആപ്പുകളിലൂടെ വിതരണം ചെയ്ത കേസില്‍ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്.

മുംബൈ കോടതിയില്‍ ഹാജരാക്കിയ കുന്ദ്രയെ ജൂലൈ 23 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എന്നാല്‍ കഴിഞ്ഞ ദിവസം കുന്ദ്രയുടെ കസ്റ്റഡി കാലാവധി ജൂലൈ 27 വരെ നീട്ടി. വെള്ളിയാഴ്ച ശില്‍പ ഷെട്ടിയുടെ വസതിയില്‍ അന്വേഷണ വിധേയമായി മുംബൈ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു.

 

Top