ഇന്ത്യന്‍ ടീമില്‍ അഴിച്ചു പണി; ധവാന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നു ?..

shikhar

പെര്‍ത്തില്‍ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ നടക്കാന്‍ പോകുന്ന അടുത്ത മത്സരങ്ങളില്‍ ടീമില്‍ അഴിച്ചു പണി നടത്താന്‍ പോകുന്നതായി റിപ്പോര്‍ട്ട്. അതിന്റെ ഭാഗമായി ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിലേക്ക് ശിഖര്‍ ധവാന്‍ മടങ്ങി വരുന്നു വെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്.

ഇന്ത്യന്‍ ടീം താമസിക്കുന്ന ഹോട്ടലില്‍ ധവാനെ കണ്ടതായി വിവിധ ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ സ്‌പോട്‌സ് കിറ്റും ധവാനോടൊപ്പമുണ്ടായിരുന്നു എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. ഇതോടെ ധവാന്‍ ടീമില്‍ കളിക്കും എന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍. പക്ഷേ അതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഇന്ത്യയുടെ ആദ്യ രണ്ട് ടെസ്റ്റിലും ഓപ്പണിംഗ് താരങ്ങളുടെ ഫോമില്ലായ്മ ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. കെഎല്‍ രാഹുലിന്റെ ദയനീയ ഫോമും മുരളി വിജയുടെ സ്ഥിരതയില്ലായ്മയും കൊണ്ട് മടുത്ത ഇന്ത്യ അതിന് പ്രതിവിധി തേടിയാണ് ധവാനെ ഇന്ത്യന്‍ ടീമിലേക്ക് തിരികെ വിളിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. ഇന്ത്യയുടെ മൂന്നാം ഓപ്പണറായിരുന്ന പൃഥ്വി ഷാ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു.

എന്നാല്‍ നേരത്തെ ഇംഗ്ലണ്ടിലെ മോശം പ്രകടനത്തെ തുടര്‍ന്ന് നാട്ടില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവാക്കിയ ധവാനെ പിന്നീട് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലേക്കും പരിഗണിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ധവാനെ മത്സരത്തിലേക്ക് പരിഗണിച്ചാലും കളിയില്‍ മികവ് ഉണ്ടാകുമോ എന്ന പേടിയും ആരാധകര്‍ക്കുണ്ട്.

മെല്‍ബണില്‍ ഈ മാസം 26 നാണ് മൂന്നാം ടെസ്റ്റ് നടക്കുക. നിലവില്‍ പരമ്പര 1-1ന് ഇന്ത്യയുടെ ഓസ്‌ട്രേലിയയും സമനിലയിലാണ്. അഡ്‌ലൈഡില്‍ നടന്ന ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ പെര്‍ത്തില്‍ ഓസീസ് നേട്ടം കൊയ്യുകയായിരുന്നു.

Top