അനുപമയുടെ ആരോപണം അടിസ്ഥാനരഹിതം; ദത്ത് നല്‍കാന്‍ സമിതിക്ക് ലൈസന്‍സുണ്ടെന്ന് ഷിജൂഖാന്‍

തിരുവനന്തപുരം: തിരുവനന്തപുരം ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതിക്കെതിരെ അനുപമ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജനറല്‍ സെക്രട്ടറി ഷിജൂഖാന്‍. സമിതിക്കെതിരെ അനുപമ ഉയര്‍ത്തിയ ആരോപണങ്ങള്‍ അവാസ്തവമാണെന്നും ദത്ത് നല്‍കാന്‍ സമിതിക്ക് ലൈസന്‍സുണ്ടെന്നും ഷിജൂഖാന്‍ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ സമിതിയെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞു.

”ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 സെക്ഷന്‍ 41 പ്രകാരം സ്‌പെഷ്യലൈസ്ഡ് അഡോപ്ഷന്‍ എജന്‍സിക്കുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സമിതിക്കുണ്ട്. 20.12.2017 മുതല്‍ അഞ്ചു വര്‍ഷത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന നിലവിലെ രജിസ്‌ട്രേഷന് 2022 വരെ കാലയളവുണ്ട്. അനുമതി ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. അവാസ്തവങ്ങളും അമാന്യമായ ആക്ഷേപങ്ങളും നിരത്തി ശിശുക്ഷേമ സമിതിയെ അപമാനിക്കാനുള്ള ശ്രമങ്ങളെ അപലപിക്കുന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ സമിതിയെ തകര്‍ക്കാനുള്ള കുപ്രചരണത്തെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.” ഷിജൂഖാന്‍ പറഞ്ഞു

ലൈസന്‍സില്ലാത്ത ശിശുക്ഷേമ സമിതി നടത്തിയത് കുട്ടിക്കടത്താണെന്നാണ് അനുപമ ആരോപിച്ചത്. ഷിജുഖാനെതിരെ ക്രിമിനല്‍ കേസെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും അനുപമ പറഞ്ഞിരുന്നു. കുഞ്ഞിനെ ആന്ധ്രാ ദമ്പതികള്‍ക്ക് കൈമാറുമ്പോള്‍ സമിതിക്ക് ലൈസന്‍സ് ഇല്ലാ എന്നത് വ്യക്തം. അങ്ങനെ നടത്തിയത് ദത്തല്ല കുട്ടിക്കടത്താണെന്നുമാണ് അനുപമ പറഞ്ഞത്.

Top