ഷിഗല്ലെ; പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി, ആശങ്ക വേണ്ടെന്ന് ആരോഗ്യ പ്രവർത്തകർ

കോഴിക്കോട്: ഷിഗല്ലെ രോഗം റിപ്പോർട്ട് ചെയ്ത കോഴിക്കോട് എരഞ്ഞിക്കൽ പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ജില്ലയിൽ നിലവിൽ ഒരാളിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേർക്ക് രോഗ ലക്ഷണങ്ങളുമുണ്ട്. എന്നാൽ ഇവരുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇക്കഴിഞ്ഞ 24 നാണ് എരഞ്ഞിക്കലിൽ ഏഴ് വയസുകാരിയിൽ ഷിഗെല്ലെ രോഗം സ്ഥിരീകരിച്ചത്. രണ്ട് കുട്ടികളിൽ രോഗ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവർ സമീപത്ത് സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്തിരുന്നു. ഇവിടെ നിന്നാവാം രോഗം ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പിൻറെ അനുമാനം. എന്നാൽ കൂടുതൽ പേരിൽ രോഗലക്ഷണം ഇതുവരെ കണ്ടെത്താത്തിനാൽ രോഗ വ്യാപന സാധ്യയില്ലെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സമീപ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി.

പ്രദേശത്തെ മുഴുവൻ വീടുകളിലെ കിണറുകളിലും സൂപ്പർ ക്ലോറിനേഷൻ നടത്തിയിട്ടുണ്ട്. സ്ക്വോഡുകളായി ആരോഗ്യ പ്രവർത്തകർ ബോധവത്കരണവും തുടങ്ങി. രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭക്ഷ പാനീയങ്ങളിൽ ശുചിത്വം ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

Top