പാപഭാരം ഏറ്റെടുക്കണോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് ഷിബു ബേബി ജോണ്‍

കൊല്ലം: കേരള ബാങ്ക് ഭരണ സമിതിയിലേക്ക് പ്രതിനിധിയെ അയക്കാനുള്ള മുസ്ലിം ലീഗ് തീരുമാനം സാങ്കേതികമായി ശരിയാണെന്നും എന്നാല്‍ ലീഗ് നേതൃത്വം നിലവിലെ ചില സാഹചര്യങ്ങള്‍ പരിശോധിക്കണമെന്നും ഷിബു ബേബി ജോണ്‍. സഹകരണ ബാങ്കുകളുടെ നിലവിലെ സാഹചര്യത്തില്‍ അതിന്റെ പാപഭാരം ഏറ്റെടുക്കണോ എന്ന് ലീഗ് പരിശോധിക്കണം. യുഡിഫില്‍ നിന്നും കേരളം കൂടുതല്‍ സമരം പ്രതീക്ഷിക്കുന്നുണ്ട്. കുറേക്കൂടി ശക്തമായ സമരവുമായി മുന്നോട്ട് പോകേണ്ടതുണ്ട്. മുസ്ലിം ലീഗിനെ കേരള ബാങ്കിലേക്ക് തെരഞ്ഞെടുത്തത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമാണ്. കുറേക്കാലമായി സിപിഎം മുസ്ലിം ലീഗിന്റെ പിന്നാലെയാണെന്നും അധികാരം നഷ്ടപ്പെടുമെന്ന തോന്നലാണ് ഇതിന് പിന്നിലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

ജനങ്ങളിലേക്ക് ഇറങ്ങമമെന്ന തോന്നല്‍ മുഖ്യമന്ത്രി പിണറായി വിജയനുണ്ടാകാന്‍ എട്ട് വര്‍ഷം വേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. പെറ്റ തള്ളയെ എട്ട് ലക്ഷം രൂപക്ക് കൊല്ലുന്നത് ആണോ നവകേരളമെന്നും ലഹരി ഉപയോഗം കൂടിയതാണോ നവകേരളമെന്നും ചോദിച്ച അദ്ദേഹം വിദ്യാഭ്യാസ മേഖലയില്‍ മറ്റ് സ്ഥലങ്ങളിലേക്ക് കേരളത്തിലെ യുവാക്കള്‍ പലായനം ചെയ്യുന്നത് ആണോ നവകേരളമെന്നും വിമര്‍ശിച്ചു.

നവ കേരള സദസ്സ് യാത്ര വഴി എന്താണ് തെളിയുന്നതെന്നും നവകേരള യാത്ര ലജ്ജാകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാര്‍ ചെലവില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. ഇത് വൃത്തികെട്ട സംസ്‌ക്കാരവും അധികാര ദുര്‍വിനിയോഗവുമാണെന്നും അദ്ദേഹം കൊല്ലത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു.

വള്ളിക്കുന്ന് എംഎല്‍എയെയാണ് മുസ്ലിം ലീഗ് പ്രതിനിധിയായി കേരള ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഉള്‍പ്പെടുത്തിയത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചതിനെതിരെ യുഡിഎഫ് നിയമപോരാട്ടം നടത്തുന്നതിനിടെയാണിത്. മുസ്ലിം ലീഗിന്റെ എല്ലാ തീരുമാനങ്ങളെയും എതിര്‍ക്കേണ്ടതില്ലെന്ന അനുനയ സമീപനമാണ് കോണ്‍ഗ്രസിന്. എന്നാല്‍ യുഡിഎഫില്‍ ഈ വിഷയത്തില്‍ കൂടിയാലോചന നടക്കാത്തതില്‍ ആര്‍എസ്പി, സിഎംപി തുടങ്ങിയ ഘടക കക്ഷികള്‍ക്ക് അതൃപ്തിയുണ്ട്.

Top