ഇസ്രയേലില്‍ ഷിയ ഹിസ്ബുള്ള ആക്രമണം; കൊല്ലം സ്വദേശി കൊല്ലപ്പെട്ടു, രണ്ട് മലയാളികള്‍ക്ക് പരുക്ക്

ഇസ്രയേലില്‍ ലെബനനിലെ ഷിയ ഹിസ്ബുള്ള വിഭാഗം നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശിയായ നിബിന്‍ മാക്സ്‌വെല്ലാണ് കൊല്ലപ്പെട്ടത്. മലയാളികളായ ജോസഫ് ജോർജ്, പോള്‍ മെല്‍വിന്‍ എന്നിവരുള്‍പ്പടെ ഏഴ് പേർക്ക് പരുക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ ഇസ്രയേലിന്റെ വടക്കന്‍ അതിർത്തി പ്രദേശമായ മാർഗലിയോട്ടിലാണ് ആക്രമണമുണ്ടായത്. ഇസ്രയേലുമായുള്ള ഏറ്റുമുട്ടലില്‍ ഹമാസിനെ പിന്തുണയ്ക്കുന്ന വിഭാഗമാണ് ഷിയ ഹിസ്ബുള്ള.

സിവ് ആശുപത്രിയിലാണ് നിബിന്റെ മൃതദേഹമുള്ളത്. മുഖത്തും ശരീരത്തിലും പരുക്കേറ്റ ജോസഫ് ജോർജിനെ പെറ്റ തിക്വയിലുള്ള ബെയിലിന്‍സണ്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയനായ ജോസഫ് ജോർജ് നിലവില്‍ നിരീക്ഷണത്തിലാണ്. കുടുംബാംഗങ്ങളുമായി ജോസഫിന് സംസാരിക്കാന്‍ കഴിഞ്ഞതായും ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു. ഗുരുതരമായ പരുക്കുകളില്ലാത്ത മെല്‍വിന്‍ സിവ് ആശുപത്രിയിലാണ്. ഇടുക്കി സ്വദേശിയാണ് മെല്‍വിന്‍.

Top