അവള്‍ ഭാഗ്യവതി;വീണ്ടും വിവാദ പ്രസ്താവനയുമായി ദിലീപ് ഘോഷ്

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ റാലിയ്ക്കിടയില്‍ പോസ്റ്ററുമായി പ്രതിഷേധിച്ച യുവതിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ അതിക്രമിച്ച സംഭവം ന്യായികരിച്ചായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. പ്രവര്‍ത്തകര്‍ ആ സ്ത്രീയെ കൂടുതലൊന്നും ചെയ്യാത്തതിന് അവള്‍ നന്ദി പറയണം എന്നായിരുന്നു ദിലിപ് ഘോഷിന്റെ വിവാദ പരാമര്‍ശം.

ഞങ്ങളുടെ പ്രവര്‍ത്തകര്‍ ശരിയായി തന്നെയാണ് പ്രവര്‍ത്തിച്ചത്. ആ സ്ത്രീ അവരോട് നന്ദി പറയണം, അവരെ തടഞ്ഞുവയ്ക്കുക മാത്രം ചെയ്തതിനും മറ്റൊന്നും ചെയ്യാത്തതിനും. എന്തിനാണ് അവര്‍ (പ്രതിഷേധക്കാര്‍) എപ്പോഴും പ്രതിഷേധിക്കാന്‍ ഞങ്ങളുടെ റാലിയിലേക്ക് കടന്നു വരുന്നത്? അവര്‍ക്ക് മറ്റ് പരിപാടികളില്‍ പോയിക്കൂടെ. ഞങ്ങള്‍ ആവശ്യത്തിലധികം ക്ഷമിച്ചു കഴിഞ്ഞു. ഇനി അത്തരം ശല്യങ്ങള്‍ സഹിക്കാന്‍ വയ്യ” ദിലീപ് ഘോഷ് പറഞ്ഞു.

ദിലീപ് ഘോഷിന്റെ നേതൃത്വത്തില്‍ പട്ടൂലി മുതല്‍ ബാഗാ ജതിന്‍ വരെ പൗരത്വ ഭേദഗതി അനുകൂല റാലി നടത്തുന്നതിനിടെ ജാമിയ മിലിയ വെടിവയ്പിനെയും പൗരത്വ നിയമ ഭേദഗതിയെയും അപലപിച്ച് ഒരു സ്ത്രീ പോസ്റ്ററുമായി പ്രതിഷേധിച്ചിരുന്നു. ഇവരെ ബെജിപി പ്രവര്‍ത്തകര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഈ സംഭവത്തെിലാണ് ദിലിപ് ഘോഷിന്റെ വിവാദ പരാമര്‍ശം.

Top