ശില്‍പ്പയ്ക്കും രാജ് കുന്ദ്രയ്ക്കുമെതിരെ 75 കോടിയുടെ നോട്ടീസ് അയച്ച് ഷെര്‍ലിന്‍ ചോപ്ര

മുംബൈ: താനനുഭവിച്ച മാനസികപീഡനത്തിന് നഷ്ട പരിഹാരമായി 75 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് നടി ശില്‍പ്പാ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ മോഡല്‍ ഷെര്‍ലിന്‍ ചോപ്ര നോട്ടീസയച്ചു. ഇരുവരും അധോലോകക്കുറ്റവാളികളെ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഷെര്‍ലിന്‍ ചോപ്ര ഉന്നയിച്ചിട്ടുണ്ട്.

ശില്‍പ്പാ ഷെട്ടിയ്ക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരേ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് ഷെര്‍ലിന്‍ ചോപ്ര മുംബൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ശില്‍പ്പാ ഷെട്ടി മാനസികപീഡനത്തിനും തട്ടിപ്പിനും ഇരയാക്കിയെന്നുമാണ് പരാതിയില്‍ പറയുന്നത്. കെട്ടിച്ചമച്ച പരാതിനല്‍കി തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ശില്‍പ്പയും ഭര്‍ത്താവും ഷെര്‍ലിന്‍ ചോപ്രയക്ക് വക്കീല്‍ നോട്ടീസയച്ചു.

ഇതിനോടുള്ള പ്രതികരണമായാണ് 75 കോടി രൂപ ആവശ്യപ്പെട്ട് ഷെര്‍ലിന്‍ ചോപ്ര നോട്ടീസ് അയച്ചത്. അധോലോകക്കുറ്റവാളികളെ ഉപയോഗിച്ച് ശില്‍പ്പയും രാജും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മുംബൈ പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തണമെന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു. 2019 മാര്‍ച്ച് 27-ന് രാത്രി വൈകി രാജ് കുന്ദ്ര തന്റെ വീട്ടിലെത്തിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് നേരത്തേ നല്‍കിയ പരാതിയില്‍ ഷെര്‍ലിന്‍ പറഞ്ഞിട്ടുള്ളത്. രാജിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നെന്ന് ഷെര്‍ലിന്‍ തന്നോട് സമ്മതിച്ചതാണെന്ന് ശില്‍പ്പ പറയുന്നു.

ശില്‍പ്പയെയും രാജിനെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് വ്യാജപരാതി നല്‍കിയതെന്ന് കാണിച്ചാണ് ഇരുവരും വക്കീല്‍ നോട്ടീസ് അയച്ചത്. ആരോപണങ്ങള്‍ പിന്‍വലിച്ച് നിരുപാധികം മാപ്പുപറഞ്ഞില്ലെങ്കില്‍ കോടതിയില്‍ പോകുമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.

രാജ് കുന്ദ്ര പ്രതിയായ നീലച്ചിത്രക്കേസില്‍ മുംബൈ പൊലീസ് നേരത്തേ ഷെര്‍ലിന്‍ ചോപ്രയുടെ മൊഴിയെടുത്തിരുന്നു. തന്റെ സംരഭത്തിനുവേണ്ടി ചിത്രങ്ങളില്‍ അഭിനയിക്കണമെന്ന് രാജ് കുന്ദ്ര പലവട്ടം ആവശ്യപ്പെട്ടിരുന്നെന്ന് ഷെര്‍ലിന്‍ ചോപ്രയുടെ മൊഴിയില്‍ പറയുന്നുണ്ട്. എരിവുള്ള ഉള്ളടക്കമാണ് ഉദ്ദേശിക്കുന്നതെന്നും ഒന്നും വകവെക്കാതെ അഭിനയിക്കണമെന്നുമായിരുന്നു നിര്‍ദേശം.

ഇക്കാര്യങ്ങളിലും പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ധാരണയിലെത്താന്‍ കഴിയാതിരുന്നതുകാരണം കുന്ദ്രയുടെ സംരംഭത്തിനുവണ്ടി താന്‍ അഭിനയിച്ചിട്ടില്ലെന്നാണ് ഷെര്‍ലിന്‍ മൊഴി നല്‍കിയിട്ടുള്ളത്.

Top