യുക്രൈനിൽ സിവിലിയൻ വാഹനവ്യൂഹത്തിന് നേരെ ഷെല്ലാക്രമണം

കീവ്: യുക്രൈനിലെ തെക്കൻ സപോരിജിയ മേഖലയിൽ സിവിലിയൻ കാറുകളുടെ വാഹനവ്യൂഹത്തിന് നേരെ റഷ്യൻ ഷെല്ലാക്രമണം. 25 പേർ കൊല്ലപ്പെട്ടു. കൂടാതെ, 28 പേർക്ക് പരിക്കേറ്റതായും സപോരിജിയ റീജിയണൽ ഗവർണർ ഒലെക്‌സാണ്ടർ സ്റ്റാറൂഖ് പറഞ്ഞു. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും സിവിലിയൻമാരും പ്രദേശവാസികളുമാണെന്നും റഷ്യയാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈനിലെ നാല് പ്രദേശങ്ങൾ റഷ്യയോട് കൂട്ടിച്ചേർത്തുകൊണ്ടുള്ള പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെയാണ് ആക്രമണം. എന്നാൽ റഷ്യൻ സൈന്യമാണ് ആക്രമണം നടത്തിയതെന്ന ആരോപണം അധിനിവേശ പ്രദേശമായ സപോരിജിയയിലെ ക്രെംലിൻ അനുകൂല ഉദ്യോഗസ്ഥനായ വ്ലാഡിമിർ റോഗോവ് നിഷേധിച്ചു. ആക്രമണത്തിന് പിന്നിൽ യുക്രൈൻ തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

“ഇത് റഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണമായി ചിത്രീകരിക്കാൻ കീവിലെ ഭരണകൂടം ശ്രമിക്കുന്നു. അവർ ഹീനമായ പ്രകോപനത്തിലേക്ക് നീങ്ങുകയാണ്. മേഖലയിൽ യുക്രൈൻ സൈനികരാണ് ഭീകരപ്രവർത്തനം നടത്തിയത്”- വ്ലാഡിമിർ റോഗോവ് ആരോപിച്ചു.

എന്നാൽ, സിവിലിയൻ വാഹനവ്യൂഹത്തിന് നേരെ റഷ്യൻ സൈന്യമാണ് റോക്കറ്റ് ആക്രമണം നടത്തിയതെന്ന് സപോരിജിയ ഗവർണർ പറഞ്ഞു. “താത്കാലിക അധിനിവേശ പ്രദേശത്തേക്ക് ബന്ധുക്കളെ കൊണ്ടുപോവാനും സഹായം നൽകാനുമായി ആളുകൾ വരിയിൽ നിൽക്കവെയാണ് ആക്രമണം ഉണ്ടായത്”- അദ്ദേഹം പറഞ്ഞു. രണ്ട് നിര തകർന്ന കാറുകളും സമീപത്ത് കിടക്കുന്ന നിരവധി മൃതദേഹങ്ങളുടേയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Top