പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയുടെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതി

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയുടെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതി. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ പേരിലുള്ള സായിദ് മെഡല്‍ ആണ് മോദിക്ക് നല്‍കുന്നതായി യുഎഇ പ്രഖ്യാപിച്ചത്. മറ്റ് രാഷ്ട്രത്തലവന്മാര്‍ക്ക് യുഎഇ നല്‍കുന്ന പരമോന്നത പുരസ്‌കാരമാണിത്‌. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് സായിദ് മെഡല്‍ പ്രഖ്യാപിച്ചത്.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമായാണ് അദ്ദേഹത്തിന് യുഎഇ പ്രസിഡന്റ് സായിദ് മെഡല്‍ സമ്മാനിക്കുന്നതെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വീറ്ററിലൂടെ അറിയിച്ചു.

നരേന്ദ്ര മോദിയെ പ്രിയപ്പെട്ട കൂട്ടുകാരന്‍ എന്നാണ് ട്വീറ്റില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വിശേഷിപ്പിച്ചത്. ഇന്ത്യയുമായി തങ്ങള്‍ക്ക് ചരിത്രപരവും നിര്‍ണ്ണായകവുമായ ബന്ധമാണുണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപ്പെടല്‍ ഈ ബന്ധത്തിന് കുടുതല്‍ കരുത്ത് പകര്‍ന്നു എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നരേന്ദ്രമോദി രണ്ട് തവണയാണ് യുഎഇ സന്ദര്‍ശിച്ചത്.

Top