മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറി ഷെയ്ക്ക് ജസ്സീം

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറി ഷെയ്ക്ക് ജസ്സീം. ക്ലബിന്റെ നിലവിലെ ഉടമസ്ഥരായ ഗ്ലേസര്‍സ്, ഷെയ്ക്ക് ജസ്സീം അവതരിപ്പിച്ച ലേലതുക തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഷെയ്ക്ക് ജസ്സീമിന്റെ പിന്മാറ്റം. ക്ലബിന്റെ പൂര്‍ണ്ണ ഉടമസ്ഥതയും ഏറ്റെടുക്കാമെന്നായിരുന്നു ഷെയ്ക്ക് ജസ്സീം വാഗ്ദാനം ചെയ്തത്.

2005 മുതല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമസ്ഥാരാണ് ഗ്ലേസര്‍സ് കുടുംബം. 2003ല്‍ ആദ്യം രണ്ട് ശതമാനം ഓഹരികള്‍ ഗ്ലേസര്‍സ് കുടുംബം വാങ്ങിയിരുന്നു. 2022 നവംബറില്‍ ആദ്യമായി യുണൈറ്റഡ് വില്‍ക്കുവാനായി ഗ്ലേസര്‍സ് കുടുംബം തീരുമാനിക്കുകയായിരുന്നു. ഉടമസ്ഥതയിലെ മാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ക്കിടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അടുത്ത മത്സരത്തിനായി യുണൈറ്റഡ് തയ്യാറെടുക്കുകയാണ്. ഒക്ടോബര്‍ 22ന് ഷെഫീല്‍ഡ് യുണൈറ്റഡിനെതിരായാണ് റെഡ് ഡെവിള്‍സിന്റെ അടുത്ത മത്സരം.

ഖത്തര്‍ കേന്ദ്രീകരിച്ച് വ്യവസായം നടത്തുന്ന ഷെയ്ക്ക് ജസ്സീം ഒരു വര്‍ഷമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. ബ്രിട്ടീഷ് കോടീശ്വരനായ ജിം റാറ്റ്ക്ലിഫ് ആയിരുന്നു ഷെയ്ക്ക് ജസ്സീമിന് പ്രധാന എതിരാളി. തുടക്കത്തില്‍ കുറച്ച് ഓഹരി മാത്രം വാങ്ങുവാനാണ് റാറ്റ്ക്ലിഫിന്റെ ലക്ഷ്യം. മുഴുവന്‍ ഓഹരിയും വാങ്ങുന്നതുവരെ ഗ്ലേസര്‍സ് കുടുംബത്തെ യുണൈറ്റഡിന്റെ ചുമതലയില്‍ നിര്‍ത്താമെന്നും റാറ്റ്ക്ലിഫ് വ്യക്തമാക്കിയിരുന്നു.

 

 

Top