മോദി സർക്കാരിനു കീഴിൽ ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടതായി ഷെഹ്‌ല റഷിദ്

ഡൽഹി : മോദി സർക്കാരിനു കീഴിൽ ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടതായി മനുഷ്യാവകാശ പ്രവർത്തകയും ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ മുൻ വൈസ് പ്രസി‍ഡന്റുമായ ഷെഹ്‌ല റഷിദ്. നേരത്തെ പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമെതിരെ നിരന്തരം ആക്ഷേപമുന്നയിച്ചിരുന്ന പൊതുപ്രവർത്തകയാണ് ഷെഹ്‌ലയെന്നത് ശ്രദ്ധേയമാണ്. മോദി സർക്കാരിനും ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണറിനും കീഴിൽ താഴ്‌വരയിലെ മനുഷ്യാവകാശങ്ങൾ മെച്ചപ്പെട്ടതായി ഷെഹ്‍ല എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തുവന്നവരിൽ പ്രധാനിയായിരുന്നു ഷെഹ്‌ല. 2016ൽ രാജ്യദോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭങ്ങളിൽ പങ്കാളിയായിരുന്നു. കശ്മീരിൽ സൈന്യത്തിന്റെ ഇടപെടലുകളിൽ പ്രതിഷേധിച്ച ഷെഹ്‍ല ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസൽ സ്ഥാപിച്ച ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റിൽ പ്രവർത്തിച്ചിരുന്നു. കശ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി കഴിഞ്ഞ മാസമാണ് ഇരുവരും പിൻവലിച്ചത്.

Top