പാകിസ്താന്‍ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫ് തെരഞ്ഞെടുക്കപ്പെട്ടു

പാകിസ്താന്‍: പാകിസ്താന്‍ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫ് തെരഞ്ഞെടുക്കപ്പെട്ടു. പാകിസ്താന്റെ 24ാമത്തെ പ്രധാനമന്ത്രിയാണ് ഷെഹ്ബാസ് ഷെരീഫ്. സ്പീക്കര്‍ സര്‍ദാര്‍ അയാസ് സാദിഖ് വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 201 വോട്ടുകള്‍ക്കാണ് ഷെരീഫിന്റെ ജയം. പാകിസ്താ തെഹ്രീക്-ഇ-ഇന്‍സാഫ് സ്ഥാനാര്‍ത്ഥി ഒമര്‍ അയൂബ് ഖാന്‍ 92 വോട്ടുകള്‍ നേടി.

ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ഷെഹ്ബാസ് തന്റെ ജ്യേഷ്ഠന്‍ നവാസ് ഷെരീഫിനെ ആലിംഗനം ചെയ്തു. നവാസ് ഷെരീഫ് മൂന്ന് തവണ പാകിസ്താന്റെ പ്രധാനമന്ത്രിയായിരുന്നു. ഇത് രണ്ടാം തവണയാണ് ഷെഹ്ബാസ് ഷെരീഫ് പാകിസ്താനെ നയിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലും പിഎംഎല്‍എന്നും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമ്മതിക്കുകയായിരുന്നു. ഇതോടെ ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു.

ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പാകിസ്താന്‍ തെരഞ്ഞെടുപ്പ് സഖ്യ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് എത്തിച്ചതിന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഫെബ്രുവരി 8 നായിരുന്നു തെരഞ്ഞെടുപ്പ്. സംഘര്‍ഷങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമിടെ രാജ്യത്ത്
ഇന്റര്‍നെറ്റ് നിരോധനവും അറസ്റ്റും അക്രമങ്ങളുമുണ്ടായി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ കാലതാമസമുണ്ടായതോടെ വോട്ടില്‍ കൃത്രിമം നടന്നുവെന്ന ആരോപണത്തിലേക്കും നയിച്ചു. ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.

Top