മകളെ കൊലപ്പെടുത്തിയ കേസ്; ഇന്ദ്രാണി മുഖര്‍ജിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: ഷീന ബോറ വധക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. മകളെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ആറ് വര്‍ഷമായി ജയിലില്‍ കഴിയുന്ന ഇന്ദ്രാണി ആരോഗ്യനില പരിഗണിച്ച് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

എന്നാല്‍, വിദേശ ബന്ധമുള്ള ഇന്ദ്രാണിക്ക് ജാമ്യം നല്‍കിയാല്‍ തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതി രാജ്യംവിടാന്‍ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്.

നേരത്തെ, 2020 ജൂലായിലും ആരോഗ്യപ്രശ്നം ചൂണ്ടിക്കാണിച്ച് ഇടക്കാല ജാമ്യം തേടി ഇന്ദ്രാണി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്നും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

കേസില്‍ 2015 ഓഗസ്റ്റിലാണ് ഇന്ദ്രാണി മുഖര്‍ജി അറസ്റ്റിലായത്. ഇന്ദ്രാണിയും മുന്‍ ഭര്‍ത്താവും ഡ്രൈവറും ചേര്‍ന്ന് 2012 ഏപ്രിലില്‍ 24കാരിയായ ഷീന ബോറയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വനത്തില്‍ ഉപേക്ഷിച്ചുവെന്നാണ് കേസ്.

Top